വിവരം അറിയാനുള്ള അവകാശം ജനങ്ങളുടെ മൗലിക അവകാശം -സംസ്ഥാന വിവരാവകാശ കമീഷണര്‍
ഒക്‌ടോബര്‍ 12ന് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമായി പ്രഖ്യാപിക്കും
വിവരം അറിയാനുള്ള അവകാശം ജനങ്ങളുടെ മൗലിക അവകാശമാണെന്നും ഔദാര്യമല്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. വിവരാവകാശ സൗഹൃദ കലക്ടറേറ്റ് പ്രഖ്യാപനത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി സംസ്ഥാന വിവരാവകാശ കമീഷനും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച വിവരാവകാശ നിയമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ക്ക് വിവരാവകാശ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവുകയും കൃത്യമായ വിവരങ്ങള്‍ വേഗത്തില്‍ അപേക്ഷകന് ലഭ്യമാക്കുകയും വേണം. ഇതില്ലാതാവുമ്പോഴാണ് തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കുന്നത്. വിവരാവകാശ നിയമം പൂര്‍ണമായി നടപ്പാക്കിയ ദിനമായ ഒക്ടോബര്‍ 12ന് കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമായി പ്രഖ്യാപിക്കുമെന്നും കമീഷണര്‍ അറിയിച്ചു.
ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുംവിധം സൗഹാര്‍ദപരമായി വിവരാവകാശ നിയമത്തെ മാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങളും മാനദണ്ഡങ്ങളും ചര്‍ച്ച ചെയ്ത സെമിനാര്‍ രണ്ട് സെഷനുകളിലായാണ് നടന്നത്. ആദ്യ സെഷനില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് മേധാവികളും രണ്ടാം സെഷനില്‍ അപ്പലേറ്റ് അതോറിറ്റി, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും പങ്കാളികളായി.
വിവരാവകാശ നിയമം വകുപ്പ് നാലില്‍ പ്രതിപാദിച്ച പ്രകാരം എല്ലാ ഓഫീസുകളിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് കാറ്റലോഗ് ചെയ്ത് കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കല്‍, ഓഫീസ് വെബ്സൈറ്റിലെ വിവരങ്ങള്‍ കാലികമാക്കല്‍, വിവരാവകാശവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിന്‍ കാലയളവില്‍ നടത്തും. കമീഷന്റെ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി എല്ലാ ഓഫീസുകളിലും പരിശോധനയും നടത്തും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, എഡിഎം പി സുരേഷ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments