പണമില്ലാത്തതിനാൽ ആർക്കും ഉന്നത വിദ്യാഭ്യാസ അവസരം നഷ്ടമാകില്ല: മന്ത്രി കെ രാജൻ
സമഗ്ര ശിക്ഷ കേരള സ്‌റ്റാർസ് പദ്ധതിയുടെ ഭാഗമായി പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്റർ, സ്കിൽ 2 വെഞ്ച്വർ, വിജയോത്സവം, ഇ എൽ ഇ പി പദ്ധതി എന്നിവയുടെ ഉദ്ഘാടനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിക്കും പണമില്ലാത്തതിന്റെ
പേരിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഒൻപത് വർഷമായി മുന്നോട്ട് പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വിദ്യാലയത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വികസനപ്രവർത്തനങ്ങളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ മന്ത്രി പ്രകാശനം ചെയ്തു.
വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അവരുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ നൈപുണി പരിശീലനത്തിലൂടെ പ്രായോഗിക അറിവ് നൽകുക, വിദ്യാർത്ഥികളിലെ സംരംഭകത്വ കഴിവുകൾ, സാമ്പത്തിക അച്ചടക്കം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സമഗ്ര ശിക്ഷാ കേരള ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കിൽ ഡെവലപ്മെന്റ് സെന്റർ, സ്കിൽ 2 വെഞ്ച്വർ എന്നിവ. സ്കിൽ ഡവലപ്മെന്റ് സെന്ററിന്റെ ഭാഗമായി നൂതനമായ ജി എസ് ടി അസിസ്റ്റന്റ്, ഗ്രാഫിക് ഡിസൈനർ കോഴ്‌സുകൾ സെന്ററിൽ ആരംഭിക്കും.
അക്ഷയ കേന്ദ്രവുമായി സഹകരിച്ച് പൊതുജനങ്ങൾക്കും പുത്തൂരിലെ മറ്റ് വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന സേവനങ്ങൾ വിദ്യാലയങ്ങളിൽ മിതമായ നിരക്കിൽ ചെയ്‌തു കൊടുക്കുന്നതിനുള്ള പരിശീലനമാണ് സ്കിൽ 2 വെഞ്ച്വർ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി ഇഎൽഇപി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും നടന്നു.
തുടർച്ചയായി അഞ്ചാം വർഷവും എസ്എസ്എൽസി പരിക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിൽ എസ്എസ്എൽസി യിലും ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികളേയും പുരസ്‌കാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മുഖ്യാതിഥികളായി.
ഡി.പി.സി. എസ്.എസ്.കെ ഡോ. എൻ ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തി. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് നടത്തിയ സൂംബ പ്രകടനവും, ഇ എൽ ഇ പി പദ്ധതിയുടെ ഭാഗമായി പരിശീലനം അഞ്ച്, ആറ് ക്ലാസിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഇംഗീഷ് സ്കിറ്റും ചടങ്ങിന്റെ മാറ്റ് കൂട്ടി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ സിനി പ്രദീപ് കുമാർ, പുത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നളിനി വിശ്വംഭരൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. എസ് സജിത്ത്, വിദ്യാകിരണം ജില്ലാ കോഓർഡിനേറ്റർ എൻ. കെ രമേഷ്, ബി.പി.സി.ബി.ആർ.സി ഒല്ലൂക്കര ഫേബ കെ ഡേവിഡ്, അക്ഷയ കേന്ദ്ര പുത്തൂർ പ്രതിനിധി എം. അരവിന്ദാക്ഷൻ, ജി വി എച്ച് എസ് പുത്തൂർ പ്രിൻസിപ്പാൾ എസ്. മരതകം, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ, ടിനോ മൈക്കിൾ, പ്രധാന അധ്യാപിക പി. എം സുനിത, ജി.എൽ.പി.എസ് പത്തൂർ പ്രധാന അധ്യാപിക റിംസി ജോസ്, പി ടി എ
പ്രസിഡന്റ് സുധീർ കുണ്ടായി, എസ് എം സി ചെയർമാൻ സന്തോഷ് പുഴകടവിൽ, എം പി ടി എ പ്രസിഡന്റ് ഡൈനി ഡാനിഷ് തുടങ്ങിയവർ പങ്കെടുത്തു .
- Log in to post comments