Skip to main content

ദേശീയപാത, ഗെയ്ൽ പൈപ്പ് ലൈൻ നിർമ്മാണം: പ്രശ്നങ്ങൾ പരിഹരിക്കാൻ 23 ന് എംഎല്‍എയും കളക്ടറും സ്ഥലങ്ങള്‍ സന്ദര്‍ശിക്കും

ആലപ്പുഴ മണ്ഡലത്തിലെ ദേശീയപാത, ഗെയ്ൽ പൈപ്പ് ലൈൻ നിർമ്മാണം എന്നിവ മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂലൈ 23ന് പിപി ചിത്തരഞ്ജന്‍ എംഎൽഎയും ജില്ലാ കളക്ടറും ചേർന്ന് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ച് നടപടികൾ വിലയിരുത്തും.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ഡലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പി പി ചിത്തരഞ്ജൻ എംഎൽഎ സന്നിഹിതനായി.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ഡലത്തിലുണ്ടായ കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് എംഎൽഎ നിർദേശിച്ചു. ദേശീയപാത നിർമ്മാണം മൂലം സമാന്തര റോഡുകളിലുണ്ടായ വാഹനത്തിരക്കിൻ്റെ ഭാഗമായി റോഡുകൾക്ക് കേടുപാടുകളുണ്ടാകുന്നത് പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണം. കാനകളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടത് വെള്ളക്കെട്ടിന് കാരണമായിട്ടുണ്ടെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. 

ഗെയ്ൽ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. യോഗത്തിൽ ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ലാൽ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത് കുമാർ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സി ഷിബു, മറ്റ് ജനപ്രതിനിധികൾ, ദേശീയപാത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/2064)

date