Skip to main content

പാഠഭാഗങ്ങൾക്കപ്പുറമുള്ള പഠന സാധ്യതകൾ മനസിലാക്കി വിദ്യാർഥികൾ മുന്നോട്ട് പോകണം: മന്ത്രി പി പ്രസാദ്

*ആലപ്പുഴ സ്റ്റുഡൻസ് ഇന്നവേറ്റീവ് ഒളിമ്പ്യാഡ് അവാർഡുകൾ മന്ത്രി വിതരണം ചെയ്തു*

 

പാഠഭാഗങ്ങൾക്കപ്പുറമുള്ള പഠന സാധ്യതകളും അവസരങ്ങളും മനസിലാക്കി വിദ്യാർഥികൾ മുന്നോട്ട് പോകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ആലപ്പുഴ സ്റ്റുഡന്റ്സ് ഇന്നവേറ്റീവ് ഒളിംപ്യാഡ് (അസിയോ) പദ്ധതിയിലെ വിജയികളെ അനുമോദിക്കുന്ന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അഞ്ചാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മത്സര പരീക്ഷകളിൽ പ്രാഗത്ഭ്യം നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണിത്.

 

കുട്ടികളുടെ ധൈര്യം അല്പം പോലും ചോർന്നുപോകാതെ സംരക്ഷിക്കുകയെന്നത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ്. ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നതിലൂടെ കുട്ടികളിൽ മത്സര പരീക്ഷകളിൽ മുന്നോട്ടു പോകുന്നതിനുള്ള അവസരം ലഭിക്കുന്നു. മത്സര പരീക്ഷകളുടെ ലോകമാണിത്, അതിൽ വിജയികളാവുക എന്നതിനെ പ്രാധാന്യത്തിലെടുത്തുകൊണ്ട് 

കുട്ടികൾക്ക് പിന്തുണയും പിൻബലവും നൽകുകയാണ് ഈ പദ്ധതി ചെയ്യുന്നത് എന്നും മന്ത്രി പറഞ്ഞു.

 

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും, സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ബാങ്കിന്റെയും ചെന്നിത്തല നവോദയ വിദ്യാലയത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മൂന്നു തലങ്ങളിലായി യുപിക്കും എച്ച്എസിനും വെവ്വേറെ പരീക്ഷകൾ നടത്തി. യു പി വിഭാഗത്തിൽ 45 മാർക്ക് വരെ ലഭിച്ച വിദ്യാർഥികൾക്കും എച്ച്എസ് വിഭാഗത്തിൽ 27 മാർക്ക് വരെ ലഭിച്ച വിദ്യാർഥികൾക്കുമാണ് ട്രോഫിയും സർട്ടിഫിക്കറ്റും നൽകിയത്.

 

യുപി വിഭാഗത്തിൽ ജിയുപിഎസ് കാർത്തികപ്പള്ളിയിലെ വിദ്യാർഥിയായ യഷ് രാജ് ഒന്നാം സ്ഥാനവും, കട്ടച്ചിറ ജെഎഫ്കെഎംവിഎച്ച്എസ്എസിലെ വിദ്യാർഥി ആദർശ് അബു, കടക്കരപ്പള്ളി ജിയുപി സ്കൂളിലെ വിദ്യാർഥി നവീൻ ആന്റോ ഇമ്മാനുവൽ എന്നിവർ രണ്ടാം സ്‌ഥാനവും നേടി. മണ്ണാറശാല യുപിഎസ് വിദ്യാർഥി എസ് കാശി നാഥ് മൂന്നാം സ്‌ഥാനം കരസ്ഥമാക്കി.

 

ഹൈസ്‌കൂൾ വിഭാഗത്തിൽ പറവൂർ ജിഎച്ച്എസ്എസ് വിദ്യാർഥി അഭിനവ് കൃഷ്ണ ഒന്നാം സ്‌ഥാനവും, കരുമാടി കെകെകെപിഎസ്ജിഎച്ച്എസിലെ വിദ്യാർഥി കാർത്തിക് അനീഷ് രണ്ടാം സ്‌ഥാനവും കരുമാടി കെകെകെപിഎസ്ജിഎച്ച്എസിലെ വിദ്യാർഥിനി ജ്യോതിലക്ഷ്മി ശ്രീകുമാർ മൂന്നാം സ്ഥാനവും നേടി. ഇവർക്കൊപ്പം യുപി വിഭാഗത്തിൽ ആദ്യ 22 റാങ്കുകളും ഹൈസ്‌കൂൾ വിഭാഗത്തിൽ ആദ്യ 27 റാങ്കുകളും നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

 

പരിപാടിയിൽ ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് അധ്യക്ഷനായി. എഡിഎം ആശാ സി എബ്രഹാം, ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ എസ് ശ്രീലത, മറ്റ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date