Skip to main content

വികസനത്തുടർച്ച ഇനിയുമുണ്ടാകും: യു പ്രതിഭ എം എൽ എ

*പുതിയവിള ഗവ: എൽപി സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് വികസന തുടർച്ച ഉണ്ടാകുമെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ പുതിയവിള ഗവ: എൽ പി സ്‌കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.

 

കായംകുളം മണ്ഡലത്തിൽ നിരവധി റോഡുകൾ ഇതിനോടകം നവീകരിച്ചിട്ടുണ്ട്. പുതിയവിള സ്കൂൾ സ്ഥിതി ചെയ്യുന്ന പരിസരപ്രദേശങ്ങളിലടക്കം ധാരാളം റോഡുകളും അങ്കണവാടികളും നിർമ്മിക്കുകയും നിരവധി വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തു എന്നും എം എൽ എ പറഞ്ഞു.

 

യു പ്രതിഭ എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ തനത് ഫണ്ടിൽ നിന്നും 1.10 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ നാല് ക്ലാസ്സ്‌ മുറികളും ഒരു സ്റ്റാഫ്‌ റൂമും ഒരുക്കിയിട്ടുണ്ട്. ഒരു നില കൂടി പണിയാനുള്ള തരത്തിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. ഫർണിച്ചറുകൾ ഉൾപ്പെടെയാണ് പുതിയ സ്കൂൾ കെട്ടിടം തുറന്നു കൊടുത്തത്. 

 

കൊല്ലത്ത് വൈദ്യുതാഘാതമേറ്റു മരിച്ച മിഥുൻ എന്ന കുട്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. 

 

കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അധ്യക്ഷയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ലക്ഷ്മി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡി അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്തംഗം കെ ജി സന്തോഷ് കുമാർ, കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുരേഷ് രാമനാമഠം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മണി വിശ്വനാഥ്, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീനാ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ കൊപ്പാറേത്ത്, കണ്ടല്ലൂർ ഗ്രാമപഞ്ചായത്തംഗം കെ ആർ രാജേഷ്, കായംകുളം എഇഒ സി സിന്ധു, എസ്എംസി ചെയർമാൻ ശ്രീജിത്ത്, പ്രധാന അധ്യാപിക വസന്തകുമാരി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date