കർക്കിടക വാവുബലിക്ക് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ
കർക്കിടക വാവുബലി തർപ്പണത്തിന് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്.
ആലുവ ശിവരാത്രി മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, കാലടി പെരിയാറിന്റെ തീരത്തും ബലിതർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണ്.
വാവ് ബലിതർപ്പണത്തിന് മുന്നോടിയായി ഒരുക്കേണ്ട സുരക്ഷാക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അൻവർ സാദത്ത് എം എൽ എ യുടെയും ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട്
മജിസ്ട്രേറ്റ് വിനോദ് രാജിന്റെയും നേതൃത്വത്തിൽ ആലുവ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ അവലോകനയോഗം ചേർന്നു.
ശ്രീനാരായണ ഗുരു സ്‌ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലും വാവ് ദിവസം പുലർച്ചെ മുതൽ ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കും.
പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ ഒന്നിനു തുടങ്ങുന്ന ബലിതർപ്പണം ഉച്ചവരെ നീളും. ക്ഷേത്രത്തിലേക്ക് അങ്കമാലി, പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് സ്പെഷൽ സർവീസും ഏർപ്പാടാക്കിയിട്ടുണ്ട്.
മോഷ്ടാക്കളെയും റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനു പ്രത്യേകമായി പൊലീസിനെ വിന്യസിക്കും. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പെരിയാറിലെ ജലനിരപ്പ് ഇടവിട്ട അവസരങ്ങളിൽ പരിശോധിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സഹായത്തിനായി ആവശ്യത്തിന് സ്റ്റാഫുകളെ നിയോഗിക്കാനും ആംബുലൻസ് സർവീസ് ഏർപ്പാടാക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.
അപകട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് അഗ്നി രക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. താൽക്കാലിക വൈദ്യുതി കണക്ഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാനും കൂടുതൽ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുവാനും കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി.
അനധികൃത മദ്യ വില്പന, ലഹരി വസ്തുക്കളുടെ വില്പന, ഉപയോഗം എന്നിവ നടക്കുന്നില്ല എന്ന് ഉറപ്പാക്കാൻ എക്സൈസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് കുടിവെള്ള ലഭ്യത മുഴുവൻ സമയം ഉറപ്പാക്കുന്നതിനായി വേണ്ടുന്ന നടപടികളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. സ്ഥലത്തെ കടകളിലും ഹോട്ടലുകളും മറ്റ് ഇടങ്ങളിലും നൽകുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധിക്കും.
കഴിഞ്ഞവർഷം അടിയന്തര സാഹചര്യത്തിൽ ഗതാഗത മാർഗ്ഗം മാറ്റേണ്ടി വന്നതിനെ കുറിച്ചും ഇത് മൂലം ജനങ്ങൾക്കു നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ജനങ്ങൾക്ക് ഉണ്ടാകാതിരിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ചു ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനുള്ള രീതിയിൽ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ അൻവർ സാദത്ത് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി .
വാവുബലിയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള മേൽനോട്ടം ഫോർട്ട് കൊച്ചി സബ് കളക്ടർക്കും മൂവാറ്റുപുഴ ആർ ടി ഒ യ്ക്കും ആണ്. കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ആലുവ നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം പി സൈമൺ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments