വനിതകള്‍ക്കായി ജില്ലാതല റെസിഡെന്‍ഷ്യല്‍ തൊഴില്‍ പരിശീലന കേന്ദ്രം ഐബിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ ജില്ലാതല തൊഴില്‍ പരിശീലന കേന്ദ്രം ഐബിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. അഭിമാനകരമായ പദ്ധതിയാണ് ഐബിറ്റ് തൊഴില്‍ പരിശീലന കേന്ദ്രമെന്ന് എംപി പറഞ്ഞു. സ്ത്രീകള്‍ക്ക് തൊഴില്‍ പരീശീലനം നല്‍കുന്നത് വഴി പുതിയ ഉപജീവനമാര്‍ഗങ്ങള്‍ ലഭ്യമാകും. ഇത് പ്രയോജനപ്പെടുത്തണം. ചെറിയ സംരംഭങ്ങള്‍ക്ക് പോലും അന്താരാഷ്ട്രതലത്തില്‍ വലിയ ശ്രദ്ധ ലഭിക്കുകയും അവ വ്യാവസായിക അടിസ്ഥാനത്തില്‍ വലിയ നേട്ടം കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെസിഡന്‍ഷ്യല്‍ പരിശീലന സൗകര്യങ്ങള്‍ പരിമിതമായ ജില്ലാ ആസ്ഥാനത്ത് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ബഹുനില മന്ദിരത്തിലാണ് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് ഈ റെസിഡന്‍ഷ്യല്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം സംഭാവന നല്‍കിയ ആന്റണി പാറത്തോടിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ആദരിച്ചു.
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ധാരണാപത്രം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൈജ മോള്‍ പി. കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് പദ്ധതി വിശദീകരണം നടത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി.സത്യന്‍, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍സി ജോയി, ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ജി.ഷിബു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ ഐബിറ്റ് തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം - വീഡിയോ : https://we.tl/t-XTe3zxMABr
- Log in to post comments