പോസ്റ്റർ ക്യാമ്പയിൻ ഓഗസ്റ്റിൽ പൂർത്തിയാക്കും.
അനധികൃതമായ മരുന്നുവിൽപനയ്‌ക്കെതിരേ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചുള്ള പോസ്റ്റർ ക്യാമ്പയിൻ ഓഗസ്റ്റ് മാസത്തോടെ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന നാർക്കോ കോഡിനേഷൻ സെന്റർ ജില്ലാ തല സമിതി യോഗത്തിൽ തീരുമാനം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപവും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഫീൽഡ് തല പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായുമാണ് ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ പോലീസ് മേധാവി കൺവീനറുമായി നാർക്കോ കോഡിനേഷൻ സെന്റർ സമിതി രൂപീകരിച്ചിട്ടുളളത്.
വിദ്യാലയങ്ങൾ പുകയില മുക്തമാക്കുന്നതിനോടനുബന്ധിച്ചു സ്‌കൂൾ പരിസരങ്ങളുടെ 100 മീറ്റർ പരിധിയിൽ ഉൾപ്പെട്ട കടകളിൽ പരിശോധന വിപുലമാക്കുന്നതു സംബന്ധിച്ചും സ്‌കൂളുകളിലും കോളജുകളിലും ബോധവൽക്കരണ ക്യാമ്പയിനുകൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിലെ വാർഡന്മാർക്കും തുടർന്നു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിലെ വാർഡന്മാർക്കും ലഹരിസംബന്ധമായ പ്രശ്‌നങ്ങളിൽ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു.
സബ് കളക്ടർ ഡി. രഞ്ജിത്ത്, പാലാ ആർ.ഡി.ഒ. കെ.പി. ദീപ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.ആർ. അജയ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ടി. തോമസ്, ജില്ലാ സാമൂഹിക നീതി ഓഫീസർ പി. പ്രദീപ്, ഡ്രഗ് ഇൻസ്‌പെക്ടർ താരാ എസ്. പിള്ള എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments