കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ എം.സി.എഫിന്റെ നിർമാണം പുരോഗമിക്കുന്നു
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ (എം.സി.എഫ്) നിർമാണം പുരോഗമിക്കുന്നു. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലൂടെ പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.സി.എഫിന്റെ നിർമാണം. പത്താം വാർഡിലെ മാത്തൂമലയിൽ സ്ഥിതി ചെയ്യുന്ന എം.സി.എഫ് 1200 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് നിർമിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും സംയുക്തമായി 34.57 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തുന്നത്. മാലിന്യ സംസ്കരണശേഷി വർദ്ധിപ്പിക്കുന്ന ബെയിലിംഗ് യന്ത്രം, വെയിങ് യന്ത്രം, മാലിന്യം തരംതിരിക്കുന്നതിനുള്ള സോർട്ടിംഗ് ടേബിൾ മുതലായവ വാങ്ങിയിട്ടുണ്ട്. ചുറ്റുമതിൽ നിർമാണവും വയറിങ്ങും പൂർത്തിയാകുന്നതോടെ എം.സി.എഫ്. പ്രവർത്തന സജ്ജമാകും. നിലവിൽ പ്ലാസ്റ്റിക് ശേഖരണത്തിനുള്ള സംവിധാനം ഗ്രാമപഞ്ചായത്തിൽ ഇല്ലെന്നും വാർഡ് തലത്തിലുള്ള പ്ലാസ്റ്റിക് ശേഖരണം അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ സാംസ്കാരിക നിലയത്തിലാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് പറഞ്ഞു. സാംസ്കാരിക നിലയത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നുണ്ടെന്നും എം.സി.എഫ്. വരുന്നതോടുകൂടി കാര്യക്ഷമമായി അജൈവമാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ആകുമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments