Skip to main content

വെള്ളറക്കാട്, എടത്തിരുത്തി വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളം താലൂക്കിലെ വെള്ളറക്കാട് വില്ലേജ്, കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടത്തിരുത്തി വില്ലേജ് എന്നിവ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും 9 (1) ആക്ട് പ്രകാരം പൂര്‍ത്തിയാക്കിയതായി ഹെഡ് സര്‍വേയര്‍മാര്‍ അറിയിച്ചു. വെള്ളറക്കാട് വില്ലേജിലെ മുന്‍ സര്‍വേ നമ്പര്‍ ഒന്ന് മുതല്‍ 820 വരെയും ഡിജിറ്റല്‍ റീസര്‍വേ ബ്ലോക്ക് നമ്പര്‍ ഒന്ന് മുതല്‍ 40 വരെയുമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

എടത്തിരുത്തി വില്ലേജിലെ മുന്‍ സര്‍വേ നമ്പര്‍ ഒന്ന് മുതല്‍ 335 വരെയും ഡിജിറ്റല്‍ റീസര്‍വേ ബ്ലോക്ക് നമ്പര്‍ ഒന്ന് മുതല്‍ 62 വരെയുമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. സര്‍വേ റെക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും വെള്ളറക്കാട് വില്ലേജ് ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലും (തേജസ്സ് എഞ്ചിനീയറിംഗ് കോളേജിന്റെ അകത്ത് കൊല്ലംപടി), എടത്തിരുത്തി വില്ലേജ് ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലും (കെ.സി. കാളിക്കുട്ടി സ്മാരക സാംസ്‌കാരിക നിലയം) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. കൂടാതെ, അതത് വില്ലേജ് ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസുകളില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം മുഖേന ഓഫീസ് പ്രവൃത്തി സമയത്തും റെക്കോര്‍ഡുകള്‍ പരിശോധിക്കാം.

പ്രസിദ്ധപ്പെടുത്തിയ സര്‍വേ റെക്കോര്‍ഡുകളിന്മേല്‍ ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം, വെള്ളറക്കാട് വില്ലേജുമായി ബന്ധപ്പെട്ടവ വടക്കാഞ്ചേരി റെയ്ഞ്ച് സര്‍വേ സൂപ്രണ്ടിനും, എടത്തിരുത്തി വില്ലേജുമായി ബന്ധപ്പെട്ടവ തൃശ്ശൂര്‍ റീ സര്‍വേ സൂപ്രണ്ടിനും ഫോറം 160-ല്‍ നേരിട്ടോ, ''എന്റെ ഭൂമി'' പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കണം. നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വേ റെക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വേ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റെക്കോര്‍ഡുകള്‍ അന്തിമമാക്കും. സര്‍വേ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വേ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം ബാധകമായിരിക്കില്ല.

date