Skip to main content

ചങ്ങാതിക്കൊരു തൈ; കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തി നഗരസഭ

പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയവുമായി വീടുകളില്‍ നിന്നും വിവിധതരം ഫലവൃക്ഷതൈകള്‍ കൊണ്ടുവന്ന് ആത്മമിത്രങ്ങള്‍ക്ക് കൈമാറുന്ന 'ചങ്ങാതിക്കൊരു തൈ' മാതൃകാപദ്ധതിക്ക് കുന്നംകുളം നഗരസഭയില്‍ തുടക്കമായി. 24-ാം വാര്‍ഡിലെ ആനായ്ക്കല്‍ സി.എം.എസ് എല്‍.പി സ്‌കൂളില്‍ തുടങ്ങിയ പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ, കുന്നംകുളം കൃഷിഭവന്‍, ജില്ലാ ഹരിതകേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി 'ഒരു തൈ നടാം ഒരുകോടി ഫല വൃക്ഷതൈകള്‍' ക്യാമ്പയിനിന്റെ ഭാഗമായാണ് നഗരസഭാതലത്തില്‍ 'ചങ്ങാതിക്കൊരു തൈ' ആരംഭിച്ചത്. സ്‌കൂളിലെ എല്ലാ കുട്ടികളും ഓരോ ഫലവൃക്ഷതൈകള്‍ കൊണ്ടുവരണമെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് അറിയിച്ചതു പ്രകാരം എല്ലാ കുട്ടികളും ഏറെ ഉത്സാഹത്തോടെ തന്നെ തൈകള്‍ കൊണ്ടുവന്നു. സ്‌കൂള്‍ അങ്കണത്തില്‍ തൈകള്‍ പരസ്പരം കൈമാറി. ഇതോടൊപ്പം നഗരസഭ കൃഷി വകുപ്പുമായി സഹകരിച്ച് കുട്ടികള്‍ക്ക് 100 കശുമാവിന്‍ തൈകളും വിതരണം ചെയ്തു. ഫലവൃക്ഷതൈകള്‍ വീട്ടില്‍ കൊണ്ടുപോയി നട്ടുപിടിപ്പിക്കാനും തുടര്‍ന്ന് അതിനെ പരിപാലിക്കാനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അധ്യാപകര്‍ കുട്ടികള്‍ക്കു നല്‍കി.    
       
 ചടങ്ങില്‍ കൗണ്‍സിലര്‍ ടി.ബി ബിനീഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ഷീജ പി. രാഘവന്‍, കൃഷി ഓഫീസര്‍ ജയന്‍ മുതുകുളം, ഹരിത കേരള മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ ഭവ്യ വിന്‍സാല്‍, പി.ടി.എ പ്രസിഡന്റ് രേഷ്മ ജയറാം, സ്റ്റാഫ് സെക്രട്ടറി സിമി സോളമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date