ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 25)
പ്രൈമറി, സെക്കൻഡറി പാഠപുസ്തക പരിഷ്‌കരണത്തിന് പിന്നാലെ ഹയർസെക്കൻഡറി തലത്തിലെ പാഠപുസ്തകങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി തുടക്കമിടുന്ന ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് ടാഗോർ തീയേറ്ററിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷനാകും. ദേശീയതലത്തിൽ നടന്ന വിദ്യാഭ്യാസ സർവേയിൽ കേരളം കൈവരിച്ച വിജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രസ്തുത ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. നിർവഹിക്കും.
കാലോചിതമായ പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്നും, വിദ്യാർത്ഥികൾക്ക് ആധുനികവും കാലികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി കേരളം പൂർത്തിയാക്കിയിരുന്നു. ഹയർസെക്കൻഡറി തലത്തിൽ 2005-ലും 2013-ലും പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഓരോ കുട്ടിക്കും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷം സമഗ്രഗുണമേന്മാ വർഷമായി സംസ്ഥാനം ആചരിക്കുകയാണ്.
പി.എൻ.എക്സ് 3449/2025
- Log in to post comments