വിദ്യാഭ്യാസത്തോടൊപ്പം ജീവിത മൂല്യങ്ങളും പഠിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ഐലിവ് (iLIVE) പ്രോഗ്രാം ഉദ്ഘാടനം വെള്ളിയാഴ്ച
തങ്ങളുടെ കഴിവും സേവനവും സമൂഹത്തിന് മെച്ചപ്പെട്ട നിലയില്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന നൂതന പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. ഇന്റഗ്രേറ്റഡ് ലൈഫ് സ്കില്‍ ഫോര്‍ വാല്യൂസ് ആന്റ് എംപവര്‍മെന്റ് -ഐലിവ് (iLIVE) എന്നു പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച (ജൂലൈ 25) രാവിലെ 9.30 ന് ഓണ്‍ലൈന്‍ ആയി നടക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അറിയിച്ചു.വിദ്യാഭ്യാസത്തോടൊപ്പം ജീവിത മൂല്യങ്ങളും കുട്ടികള്‍ക്ക് സ്വായത്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഐലിവ് പദ്ധതി നടപ്പാക്കുന്നത്.
27 ആഴ്ച നീണ്ടുനില്‍ക്കുന്ന ഐലിവ് ക്ലാസ് എല്ലാ വെള്ളിയാഴ്ചകളിലും ആദ്യത്തെ പീരിയഡിലായിരിക്കും നടക്കുക. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി ഏഴ് വിഷയങ്ങളുള്ള പ്രത്യേക പാഠ്യക്രമം ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ അദ്ധ്യാപകരും ക്ലാസുകളില്‍ പങ്കാളികളാകും. അക്കാദമിക്ക് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് പൗരത്വ മൂല്യങ്ങളും സമൂഹത്തില്‍ തങ്ങളുടെ ഉത്തരവാദിത്വവും കടമയും സംബന്ധിച്ച് അവബോധം നല്‍കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് കളക്ടര്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വിദ്യാര്‍ഥികളുടെ കഴിവും സേവനവും സമൂഹത്തിന് മെച്ചപ്പെട്ടതായി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.
പൊതു വിദ്യാഭ്യാസവകുപ്പിന്റെ പിന്തുണയോടെ പരീക്ഷണാടിസ്ഥാനത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെയും ഡി ഒ മാരുടെയും നിയന്ത്രണത്തിലായിരിക്കും ക്ലാസുകള്‍. ആദ്യത്തെ ആഴ്ചയും അവസാനത്തെയും ആഴ്ചയും പദ്ധതിയുടെ വിലയിരുത്തല്‍ നടത്തും. ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് പുറമെ ജില്ലയിലെ എയ്ഡഡ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കും.
- Log in to post comments