ഐസിഫോസിന് ദേശീയ അംഗീകാരം
കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻ രൂപകൽപന ചെയ്ത് വികസിപ്പിച്ചു നടപ്പിലാക്കിയ സ്വതന്ത്ര ജി ഐ എസ് ആൻഡ് ഐ ഒ ടി സംവിധാനത്തിന് ഐ ഐ ടി ബോംബെയുടെ അംഗീകാരം ലഭിച്ചു. കാട്ടാക്കട മണ്ഡലത്തിലെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ചു നടപ്പിലാക്കിയ ഐ ഒ ടി അധിഷ്ഠിത പഞ്ചായത്ത് എന്ന പദ്ധതിക്കാണ് ഈ വർഷത്തെ ജിയോസ്പെഷ്യൽ - ഐ ഓ ടി യൂസ്‌കേസ് അവാർഡ് ലഭിച്ചത്. ഐ ബി സതീഷ് എം ൽ എ യുടെ നേതൃത്വത്തിൽ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെ മുഖ്യമന്ത്രിയുടെ 100 ദിന പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പിലാക്കിയത്. കാർഷികം, മൃഗസംരക്ഷണം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങി വിവിധ വകുപ്പുകൾക്ക് അവരുടെ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനാവശ്യമായ കാലാവസ്ഥ വ്യതിയാനം, മണ്ണിന്റെ ഗുണ നിലവാരം തുടങ്ങിയ വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കുന്നതാണ് പദ്ധതി. അവ ഉപയോഗിച്ചുള്ള പഠനത്തിനും അതുവഴി പല പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും ഐ ഐ ടി ബോംബെ സഹകരിക്കുന്നുണ്ട്. ഈ പദ്ധതി മറ്റു പഞ്ചായത്തുകളിലും നടപ്പിലാക്കുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.
പി.എൻ.എക്സ് 3454/2025
- Log in to post comments