Skip to main content
..

ശാസ്ത്രവഴികളിലൂടെ പാല്‍സ്വയംപര്യാപ്തതയിലേക്ക്

പാല്‍സ്വയംപര്യാപ്തതയിലേക്ക് ശാസ്ത്രീയമായ ഒരു ചുവട് വയ്പുകൂടി നടത്തി മൃഗസംരക്ഷണ വകുപ്പ്. പശുക്കിടാങ്ങളുടെ സമൃദ്ധിയിലൂടെ ലക്ഷ്യംകാണുന്നതിനുള്ളപദ്ധതിയുടെ വിജയസൂചകമായ ആദ്യകിടാവ് പിറന്നത് ജില്ലയില്‍. മൈനാഗപ്പള്ളി പെരുമന വടക്കതില്‍ അരുണ്‍ കുമാറിന്റെ വീട്ടിലാണ് പശുക്കുട്ടിയുടെ പിറവി.
ലിംഗനിര്‍ണയം നടത്തി ബീജംകുത്തിവയ്ക്കുന്ന രീതിയാണ് ലക്ഷ്യം കണ്ടത്.  പശുക്കുട്ടിയുടെ ജനനം ഉറപ്പാക്കുന്ന ശാസ്ത്രീയമാര്‍ഗമാണിത്.  ഉദ്പാദനവര്‍ധനയിലൂടെ പാലിന്റെ ഉത്പാദനം പരമാവധികൂട്ടാനാകും, ഇതുവഴി സ്വയംപര്യാപ്തതയും കൈവരിക്കാനാകും.   അത്യുല്പാദനക്ഷമതയുള്ള കുത്തിവയ്പ് ജില്ലയിലെ 25 മൃഗാശുപത്രികളില്‍ ലഭ്യമാകും.
കുറഞ്ഞത് 10 ലിറ്റര്‍ എങ്കിലും പാലുള്ള പശുക്കളിലാണ് ആദ്യ പരീക്ഷണം.  കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് വഴിയാണ് ആവശ്യമുള്ള ബീജമാത്രകള്‍ ശേഖരിക്കുന്നത്.
കടയ്ക്കല്‍, നെടുമ്പന, എഴുകോണ്‍, പരവൂര്‍ ചെറുവയ്ക്കല്‍, ചെമ്മക്കാട്, പവിത്രേശ്വരം, ചിതറ, പുത്തന്‍കുളം, കുലശേഖരപുരം, പോരുവഴി, പടിഞ്ഞാറേ കല്ലട, കുളത്തൂപ്പുഴ, ശൂരനാട്‌തെക്ക്, മൈനാഗപ്പള്ളി, കുളക്കട, പുത്തന്‍കുളം, ചിറക്കര എന്നീ സര്‍ക്കാര്‍ മൃഗാശുപത്രികളിലും വരിഞ്ഞം, അമ്പലംകുന്ന്, പാരിപ്പള്ളി, കലയ്‌ക്കോട്, പാവുമ്പ, പുത്തന്‍തെരുവ്, പുലിയൂര്‍ വഞ്ചി, കിളികൊല്ലൂര്‍ സബ് സെന്ററുകളിലുമാണ് ബീജാധാനത്തിനുള്ള സൗകര്യമൊരുക്കിയത്.
 കര്‍ഷകര്‍ക്ക് 500 രൂപ ഒറ്റത്തവണ അടച്ച് രജിസ്റ്റര്‍ ചെയ്യാം. ആദ്യകുത്തിവെയ്പ് പരാജയപ്പെട്ടാല്‍ ഒന്നു കൂടി സൗജന്യം. വീണ്ടും ഗര്‍ഭാധാരണമെത്തിയില്ലെങ്കില്‍ തുക തിരികെ നല്‍കും. 95 ശതമാനം കൃത്യതയാണ് പ്രതീക്ഷിക്കുന്നത്.  
71,162 ആണ് ജില്ലയിലെ പശുക്കളുടെ എണ്ണം. അതില്‍ 30,000 പശുക്കള്‍ വര്‍ഷത്തില്‍ പ്രജനനസജ്ജമാകും. പൊതുകണക്കനുസരിച്ച് 6000 പശുക്കിടാങ്ങള്‍ പ്രതിവര്‍ഷം ജനിക്കും. പദ്ധതിവിജയിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലുല്പാദനം ഇരട്ടിയിലധികമാവുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ വ്യക്തമാക്കി.
മൈനാഗപള്ളിയില്‍ പ്രസവിച്ചതത്രയും പശുക്കിടാങ്ങള്‍
സെക്‌സ് സോര്‍ട്ടഡ് ബീജം കൊണ്ട് കുത്തിവെച്ച 20 ഇടങ്ങളില്‍ പ്രസവിച്ച അഞ്ചിങ്ങളിലും പശുക്കിടാങ്ങള്‍ ജനിച്ചതായി മൈനാഗപള്ളി വെറ്ററിനറി സര്‍ജന്‍ ഡോ. റെനീസ് പറഞ്ഞു. പദ്ധതി കൂടുതല്‍ കര്‍ഷക പ്രിയമാക്കുമെന്നും അറിയിച്ചു.
 

 

date