Skip to main content
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവം 'വര്‍ണപ്പകിട്ട്' സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി ആര്‍. ബിന്ദു വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നു

’വർണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവം: സംഘാടക സമിതി രൂപീകരിച്ചു 

 

സാമൂഹികനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 21, 22, 23 തിയതികളിലായി കോഴിക്കോട്ട് നടക്കുന്ന ‘വർണപ്പകിട്ട്’ ട്രാൻസ്ജെൻഡേഴ്സ് കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സാമൂഹികനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 

ട്രാൻസ്ജെൻഡർ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശാക്തീകരിക്കാനുമായി മികച്ച പ്രവർത്തനങ്ങളാണ് സാമൂഹികനീതി വകുപ്പ് നടത്തുന്നതെന്നും ട്രാൻസ്ജെൻഡർ നയങ്ങൾ പുതുക്കുന്നതിൻ്റെ ഭാഗമായാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്റ്റേജ് പരിപാടികൾക്ക് പുറമെ ട്രാൻസ്ജെൻഡറുകളുടെ കഥ പറയുന്ന സിനിമകൾ ഉൾപ്പെടുത്തി ഫിലിം ഫെസ്റ്റിവലും ദേശീയ സെമിനാർ കോൺക്ലേവും കലോത്സവത്തിൻ്റെ ആദ്യ ദിനത്തിൽ നടക്കും. 21 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ജില്ലക്ക് ട്രോഫിയും ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നയാൾക്ക് പ്രതിഭ പുരസ്കാരവും നൽകും. വിവിധ മേഖലകളിൽ കഴിവ്  തെളിയിച്ച ട്രാൻസ് വ്യക്തികളെ കലോത്സവത്തിൽ അനുമോദിക്കും.
കലോത്സവത്തിൻ്റെ വിശദ വിവരങ്ങൾ അടങ്ങിയ മാന്വൽ മന്ത്രി ആർ ബിന്ദു പ്രകാശനം ചെയ്യും. കലോത്സവത്തിന് മുന്നോടിയായി ഘോഷയാത്രയും ഫ്ലാഷ്മോബും സംഘടിപ്പിക്കും.

സംഘാടക സമിതി രക്ഷാധികാരികളായി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരെയും ചെയർപേഴ്സണായി മന്ത്രി ആർ ബിന്ദുവിനെയും തെരഞ്ഞെടുത്തു. എം കെ രാഘവൻ എം പി, മേയർ ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, കോഴിക്കോട് നോർത്ത് സൗത്ത് എംഎൽഎമാർ എന്നിവരാണ് വൈസ് ചെയർപേഴ്സൺമാർ. സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഉൾപ്പെടുന്നതാണ് സംഘാടക സമിതി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപ്പുറം, സമൂഹികനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ് നായർ, സംസ്ഥാന ട്രാൻസ്ജെൻഡർ ബോർഡ് അംഗങ്ങളായ നേഹ, ശ്യാമ, തുടങ്ങിയവർ പങ്കെടുത്തു.

date