റെസ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു
2026 മാര്‍ച്ച് മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന റെസ (റണ്‍വെ എന്‍ഡ് സുരക്ഷാ ഏരിയ) മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. കരിപ്പൂരിനെ അന്താരാഷ്ട വിമാനത്താവളമായി നിലനിര്‍ത്തുന്നതിനും വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുമാണ് റെസ വികസനം ആരംഭിച്ചത്. വ്യോമയാന മന്ത്രാലയം നല്കിയ സമയ പരിധിക്കുള്ളില്‍ തന്നെ റെസ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറി. 98 ഭൂവുടമകളില്‍ നിന്നും പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി 12.48 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് നല്‍കിയത്.
നിലവിലുള്ള റെസയോട് ചേര്‍ന്ന് ഏറ്റെടുത്ത ഭൂമിയില്‍ മണ്ണിട്ട് ഉയര്‍ത്തി റണ്‍വേയുടെ നീളം കൂട്ടുന്ന ജോലി പുരോഗമിച്ചുവരികയാണ്. യന്ത്രസഹായത്തോടെ വിവിധ പാളികളായാണ് നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ആദ്യം 25 സെന്റിമീറ്റര്‍ കനത്തില്‍ മണ്ണ് നിരത്തി അവ 20 സെന്റീമീറ്ററിലേക്ക് അമര്‍ത്തി മണ്ണിന്റെ ബല പരിശോധന നടത്തി വീണ്ടും ഇത്തത്തില്‍ അടുത്ത പാളി മണ്ണ് ഉറപ്പിച്ചാണ് റെസ ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നത്.
തീര്‍ത്തും പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് നിര്‍മാണം. ഉയര്‍ത്തുന്ന ഭാഗത്തെ വശങ്ങളില് മതില്‍കെട്ടുകളില്ലാതെ ജിയോഗ്രിഡ് അവലംബിച്ചാണ് മണ്ണുപാളികള്‍ ഉറപ്പിക്കുന്നത്. 90 മീറ്ററുള്ള റെസ ഏരിയ 150 മീറ്റര്‍ കൂടി ദീര്‍ഘിപ്പിച്ച് 240 മീറ്ററായി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ടേബിള്‍ ടോപ്പ് റണ്‍വേക്ക് ഇത് കൂടുതല്‍ സുരക്ഷ നല്‍കും. 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റര്‍ മണ്ണാണ് നിര്‍മാണത്തിനാവശ്യമുള്ളത്. റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ലഭിച്ച പ്രദേശങ്ങളില്‍ നിന്നാണ് മണ്ണെടുപ്പ്. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ ഇടങ്ങള്‍ കണ്ടെത്തി, പരിസ്ഥിതികാഘാത പഠനങ്ങള്‍ നടത്തിയ ശേഷം എന്വിയോണ്മെന്റ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുമുണ്ട്. മഴ മാറുന്നതോടുകൂടി ഇവിടെ നിന്ന് മണ്ണെടുക്കാന്‍ കഴിയും.
കാലവര്‍ഷം ശക്തമായതോടെ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ നിലവില്‍ മണ്ണെടുക്കല്‍ പ്രവര്‍ത്തനങ്ങളും റെസ മണ്ണിട്ടുയര്‍ത്തുന്ന പണികളും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുവരെ റെസ നിര്‍മാണത്തിന്റെ 22 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട് പറഞ്ഞു. മണ്ണിട്ട് ഉയര്‍ത്തല്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചെങ്കിലും പ്രദേശത്തോട് ചേര്‍ന്നുള്ള ചുറ്റുമതില്‍ നിര്‍മ്മാണവും മറ്റ് അനുബന്ധപ്രവര്‍ത്തികളും തുടരുകയാണ്.
രാജസ്ഥാനിലെ ഗവാര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിക്കാണ് നിര്‍മാണച്ചുമതല. നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ അവസാനം ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാണ കാലാവധി അവസാനിക്കുന്ന 2026 മാര്‍ച്ച് മാസത്തില്‍ 82 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കാലവര്‍ഷം കണക്കിലെടുത്ത് മൂന്നുമാസം കൂടി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ അധികസമയം കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
- Log in to post comments