ജില്ലാ വികസന സമിതി യോഗം ചേർന്നു
ജില്ലാ വികസന സമിതിയുടെ ജൂലൈ മാസത്തെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെയും നെയ്യാറ്റിൻകര, വട്ടിയൂർക്കാവ്, വർക്കല, ആറ്റിങ്ങൽ, എന്നീ മണ്ഡലങ്ങളിലെയും വികസന പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തിൽ വിലയിരുത്തി.
നെയ്യാറ്റിൻകര മണ്ഡലത്തിലെ പലയിടങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും ഇത് പരിഹരിക്കുന്നതിനായി പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും കെ.ആൻസലൻ എംഎൽഎ ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ സ്ഥലം ഏറ്റെടുക്കൽ, തിരുപുറം ഹൈസ്ക്കൂൾ കെട്ടിട നിർമ്മാണം, നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണം, ഉദിയൻകുളങ്ങര മാർക്കറ്റ് നവീകരണം, കാരോട് കുടിവെള്ള പദ്ധതി, നെയ്യാറ്റിൻകര കോടതി പുതിയ മന്ദിരം, പൊഴിയൂർ പാലം നിർമ്മാണം, പാഞ്ചികാട്ട് കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി.
കവടിയാർ അക്കാമ്മ ചെറിയാൻ പാർക്കിന്റെ ഭാഗത്ത് കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനും അവർക്ക് മറ്റൊരു സ്ഥലം കണ്ടെത്തി നൽകുന്നതിനുമുള്ള ആവശ്യം വി.കെ പ്രശാന്ത് എംഎൽഎ യോഗത്തിൽ ഉന്നയിച്ചു. കോർപ്പറേഷൻ വെൻഡിംഗ് സോൺ കണ്ടെത്തി കച്ചവടക്കാരെ മാറ്റണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലഹരി പദാർത്ഥങ്ങൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി തുടരണമെന്നും നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മേലേക്കടവ് ടൂറിസം പദ്ധതി, വട്ടിയൂർക്കാവ് മാർക്കറ്റ് നവീകരണം, പേരൂർക്കട ആശുപത്രി വികസനം, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം വട്ടിയൂർക്കാവ് മണ്ഡലത്തിലെ എംഎൽഎ റോഡ്, ഉദിയന്നൂർ റോഡ് എന്നിവിടങ്ങളിലെ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുന:സ്ഥാപിക്കൽ, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട മെട്രോപൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റി രൂപീകരണം തുടങ്ങിയ പദ്ധതികളും ചർച്ച ചെയ്തു.
മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്ന സംഭവത്തിൽ അടിയന്തര നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ശുചിത്വമിഷനെ ചുമതലപ്പെടുത്തി പ്രശ്നത്തിൽ അടിയന്തര പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകി.
വർക്കല മണ്ഡലത്തിൽ കുടിവെള്ളം ലഭ്യമാക്കാൻ മണമ്പൂർ ഭാഗത്തെ ദേശീയപാതയിൽ പൈപ്പിടുന്നത് നടപ്പിലാക്കിയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. പിറവം-വർക്കല ശിവഗിരി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനസ്ഥാപിക്കുക, വർക്കല- പുന്നമൂട് മാർക്കറ്റ് നിർമ്മാണം ത്വരിതപ്പെടുത്തുക, വർക്കല കടൽതീരങ്ങളോട് ചേർന്നുള്ള കുന്ന് ഇടിയാതിരക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
ആറ്റിങ്ങൽ മണ്ഡലത്തിൽ അപകടാവസ്ഥയിലായ അഞ്ച് സ്കൂളുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കടലുകാണി ടൂറിസം പദ്ധതി, പ്രകൃതിക്ഷോഭത്തിൽ തകരുന്ന റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളും വിലയിരുത്തി.
യോഗത്തിൽ എംഡിഎം വിനീത് ടി.കെ, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കലാമുദ്ദീൻ എം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments