അയിങ്കാമം ഗവ. എല്‍പി സ്‌കൂളില്‍ ബഹുനില മന്ദിരം
പാറശ്ശാല അയിങ്കാമം ഗവ. എല്‍പി സ്‌കൂളില്‍ പുതുതായി പണികഴിപ്പിച്ച മന്ദിരം സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മൈനോരിറ്റി സ്‌കൂള്‍ എന്ന നിലയില്‍ പ്രധാന്യമുള്ള വിദ്യാലയമാണിതെന്ന് എംഎല്‍എ അഭിപ്രായപെട്ടു.
സ്‌കൂളില്‍ നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ മന്ദിരം പണിയാനുള്ള കരാറില്‍ ഏര്‍പെട്ടതായും വര്‍ണക്കൂടാരം പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനമായതായും അദ്ദേഹം അറിയിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് 2335 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബഹുനില മന്ദിരം പൂര്‍ത്തീകരിച്ചത്. ആറു മീറ്റര്‍ നീളവും വീതിയുമുള്ള മൂന്ന് ക്ലാസ് മുറികളും ഗോവണിയും അടങ്ങിയതാണ് പുതിയ മന്ദിരം.
പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെന്‍ഡാര്‍വിന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ബിജു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഷെറീന, പിടിഎ പ്രസിഡന്റ് ലിജു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments