തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്
വോട്ടിങ് മെഷീനുകളുടെ ഒന്നാം ഘട്ട പരിശോധന ആരംഭിച്ചു
വോട്ടെടുപ്പിന് 5970 ബാലറ്റ് യൂണിറ്റുകളും 2110 കണ്‍ട്രോള്‍ യൂണിറ്റുകളും
2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകളുടെ ഒന്നാം ഘട്ട പരിശോധന കളക്ടറേറ്റിലെ ജില്ലാ വെയര്‍ഹൗസിന് സമീപത്ത് തയ്യാറാക്കിയ പ്രത്യേക ഹാളില്‍ ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വെയര്‍ഹൗസ് തുറന്ന് വോട്ടിങ് മെഷീനുകള്‍ ആദ്യ ഘട്ടപരിശോധനയ്ക്ക് നല്‍കി. 20 ടീമുകള്‍ അടങ്ങുന്ന ബാച്ചാണ് പരിശോധന നടത്തുന്നത്. ഒരു സമയം 20 കണ്‍ട്രോള്‍ യൂണിറ്റുകളും 60 ബാലറ്റ് യൂണിറ്റുകളും പരിശോധിച്ച് സൂക്ഷിക്കും. പരിശോധനയിൽ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചുമതലകൂടിയുള്ള എ.ഡി.എം പി.അഖില്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്പു നമ്പ്യാര്‍, ടി.എം.എ കരീം, എം.ശ്രീധര, ഉമ്മര്‍ പാടലടുക്ക തുടങ്ങിയവര്‍ പങ്കെടുത്തു. വോട്ടിങ് മെഷീനുകളുടെ ഒന്നാം ഘട്ട പരിശോധന ആഗസ്ത് 20 വരെ തുടരും. ആകെ 5970 ബാലറ്റ് യൂണിറ്റുകളും 2110 കണ്‍ട്രോള്‍ യൂണിറ്റുകളുമാണ് പരിശോധിക്കുക. ഒരു ദിവസം ഏഴ് റൗണ്ടുകളിലായി 140 കണ്‍ട്രോള്‍ യൂണിറ്റുകളും 420 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, വോട്ടിങ് മെഷീന്‍ നിര്‍മ്മാണ കമ്പനിയായ ഇ.സി.ഐ.എല്ലിന്റെ രണ്ട് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നു. ആഗസ്റ്റ് 20 വരെ പരിശോധന തുടരും.
- Log in to post comments