ആധാര്‍ അധിഷ്ഠിത ബയോമെട്രിക്ക് സംവിധാനം; സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30 ന്
കേരള സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങിവരുന്നവരുടെ മസ്റ്ററിംഗ് ജീവന്‍രേഖ സംവിധാനം വഴി ആധാര്‍ അധിഷ്ഠിത ബയോമെട്രിക്കി സംവിധാനത്തിലേക്ക് മാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന് വൈകുന്നേരം മൂന്നിന് ജവഹര്‍ സഹകരണ ഭവനില്‍ ആന്റണി രാജു എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വ്വഹിക്കുന്നു. മസ്റ്ററിംഗ് ജീവന്‍രേഖ സംവിധാനം വഴി ആധാര്‍ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നതിലൂടെ നിലവില്‍ പെന്‍ഷന്‍കാര്‍ വര്‍ഷംതോറും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കിവരുന്ന രീതി മാറി ലളിതമായ രീതിയില്‍ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിംഗ് നടത്താന്‍ സാധിക്കും. ബോര്‍ഡിന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഇ-ഓഫീസിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ 27,000 വരുന്ന പെന്‍ഷന്‍കാരില്‍ ഏറ്റവും മുതിര്‍ന്ന പെന്‍ഷന്‍കാരെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ആദരിക്കും. പ്രമുഖ സഹകാരികളും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളും സഹകരണ പെന്‍ഷന്‍കാരും പങ്കെടുക്കുമെന്ന് പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍, സെക്രട്ടറി അറിയിച്ചു.
- Log in to post comments