2024 ലെ മഴക്കെടുതി; 20.67 കോടി രൂപ ധനസഹായം നല്‍കി
തൃശ്ശൂര്‍ ജില്ലയില്‍ 2024 ലെ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് 20,67,15,000 (ഇരുപത് കോടി അറുപത്തിയേഴ് ലക്ഷത്തി പതിനയ്യായിരം) രൂപയുടെ ധനസഹായം വിതരണം ചെയ്തു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുമായാണ് തുക വിതരണം ചെയ്തത്. ജില്ലയില്‍ മഴക്കെടുതിയില്‍ വീടുകള്‍ തകര്‍ന്ന 1907 കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 9,05,54,500 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 5,68,35,500 രൂപയും ഉള്‍പ്പെടെ 14,73,90,000 (പതിനാലുകോടി എഴുപത്തിമൂന്നു ലക്ഷത്തി തൊണ്ണൂറായിരം) രൂപയുമാണ് വിതരണം ചെയ്തത്.
2024 ലെ കാലവര്‍ഷത്തില്‍ വെള്ളംകയറിയ വീടുകളിലെ 11,865 കുടുംബങ്ങള്‍ക്ക് സഹായധനമായി 5,93,25,000 (അഞ്ച് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം) രൂപയും ധനസഹായമായി നല്‍കി. 2024 ല്‍ മണ്ണിടിച്ചില്‍ സംഭവിച്ച അകമല മാരാത്തുകുന്ന് പ്രദേശത്തെ രണ്ടു കുടുംബങ്ങള്‍ക്ക് മാറിത്താമസിക്കുന്നതിനായി സ്ഥലം വാങ്ങി വീടുവെക്കുന്നതിനുള്ള ധനസഹായവും അനുവദിച്ചു. 2025 ലെ കാലവര്‍ഷത്തില്‍ പ്രകൃതിക്ഷോഭംമൂലം നാശനഷ്ടങ്ങള്‍ സംഭവിച്ച 563 അപേക്ഷകളില്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കാലവര്‍ഷത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനായി എല്ലാ മാസങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരുകയും ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുകയും എല്ലാ വകുപ്പുകളും മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുകയും ചെയ്യുന്നു. കാലവര്‍ഷത്തെ പ്രളയസാധ്യത കുറയ്ക്കുന്നതിനായി ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കികൊണ്ട് യോഗങ്ങള്‍ ചേരുകയും പ്രൊപ്പോസ്ഡ് റൂള്‍ കര്‍വിനു താഴെയായി ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
- Log in to post comments