കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം
കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ടിസിഎംസി പെര്‍മനന്റ് രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ ആഗസ്റ്റ് 4നു മുന്‍പായി കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ആഗസ്റ്റ് 7ന് രാവിലെ 11 മണിക്ക് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6282457391
അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി: ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 11 ഉന്നതികൾ
*25 ഉന്നതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു*
പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി ഫണ്ട് വഴി ജില്ലയില്‍ പൂര്‍ത്തിയായത് 11 ഉന്നതികള്‍. 2016 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തിലാണ് 10.51 കോടി (10,51,01,558) രൂപ ചിലവഴിച്ച് ഈ ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ദേവികുളം നിയോജക മണ്ഡലത്തില്‍ ആറ്, ഉടുമ്പന്‍ചോല രണ്ട്, പീരുമേട്, ഇടുക്കി, തൊടുപുഴ നിയോജകമണ്ഡലങ്ങളില്‍ ഒന്ന് വീതവും ഉന്നതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ജില്ലയില്‍ 25 ഉന്നതികളുടെ നവീകരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പീരുമേട് നിയോജക മണ്ഡലത്തില്‍ കുമളി ഗ്രാമപഞ്ചായത്തില്‍ മന്നാക്കുടി-പളിയക്കുടി ഉന്നതികളിലെ വിവിധ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു. പദ്ധതിയുടെ ഭാഗമായി ലൈബ്രറി ഹാള്‍, സ്റ്റഡി ഹാള്‍, ഫെന്‍സിംഗ്, വേസ്റ്റ് ബിന്‍ സ്ഥാപിക്കല്‍, കുടിവെള്ള പദ്ധതി എന്നിവ പൂര്‍ത്തികരിച്ചു. കൂടാതെ ഇലക്ട്രിഫിക്കേഷന്‍, പ്ലംബിഗ് എന്നിവയും പൂര്‍ത്തിയാക്കി. ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മന്നാക്കുടി-പളയക്കുടിയില്‍ നടപ്പാക്കിയത്.
അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി
പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഫണ്ട് നല്‍കുന്നത്.
ജനവാസ കേന്ദ്രത്തിനുള്ളിലെ റോഡ്, നടപ്പാത, ഡ്രെയിനേജ് സൗകര്യങ്ങള്‍, ശുചിത്വം, കുടിവെള്ള വിതരണം - എല്ലാ വീട്ടിലും ഗാര്‍ഹിക കണക്ഷന്‍ നല്‍കി കുടിവെള്ള വിതരണം (ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികള്‍ ഉള്ളിടത്ത് ഈ ഘടകം ഒഴിവാക്കണം), സോളാര്‍ ലൈറ്റുകള്‍/മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍, വിവിധ വിദ്യാഭ്യാസ പദ്ധതികള്‍, ജനവാസ കേന്ദ്രത്തിനുള്ളിലെ ഖര, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, വീടുകളുടെ നവീകരണം, ടോയ്‌ലറ്റ് നിര്‍മ്മാണം, കമ്മ്യൂണിറ്റി സെന്ററുകളുടെയും കമ്മ്യൂണിറ്റി പഠന കേന്ദ്രങ്ങളുടെയും നിര്‍മ്മാണം/പരിപാലനം, സെറ്റില്‍മെന്റിനുള്ളിലെ പൊതു ആസ്തികളുടെ പരിപാലനം, പൊതു സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ (കളിസ്ഥലം, കാവ്, കുളം, ശ്മശാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ) മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം. കിണര്‍ നിര്‍മ്മാണം/ നവീകരണം, ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഗോത്രങ്ങളുടെ പുനരധിവാസം,കുടില്‍ വ്യവസായങ്ങള്‍, സാംസ്‌കാരിക കേന്ദ്രത്തിന്റെയും ലൈബ്രറിയുടെയും നിര്‍മ്മാണവും സജ്ജീകരണവും തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഉന്നതികളുടെ വികസനം ലക്ഷ്യം വച്ചാണ് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പാക്കുന്നത്. ഉന്നതികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ പരമാവധി 1 കോടി രൂപയാണ് അനുവദിക്കുന്നത്.
ഫോട്ടോ: അടിമാലി അഞ്ചാം മൈലിൽ അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതി പ്രകാരം നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ
- Log in to post comments