Skip to main content
മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ ആരംഭിച്ച വെറ്ററിനറി സര്‍ജറി യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ നിര്‍വഹിക്കുന്നു

മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് ആരംഭിച്ചു

റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ് ആരംഭിച്ചു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ പാലോലില്‍ അധ്യക്ഷത വഹിച്ചു. എല്ലാ തിങ്കളാഴ്ചകളിലും വെറ്ററിനറി സര്‍ജറി യൂണിറ്റ് മരങ്ങാട്ടുപിള്ളിയില്‍ പ്രവര്‍ത്തിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള വന്ധ്യംകരണം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ നടത്തും. മൃഗാശുപത്രിയില്‍ നേരിട്ടെത്തിയോ 1962 എന്ന  ടോള്‍ ഫീ നമ്പറിലൂടെയോ ശസ്ത്രക്രിയകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
 നിലവില്‍ നാല് വെറ്ററിനറി സര്‍ജറി യൂണിറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പാലാ, വാഴൂര്‍, കോടിമത, മരങ്ങാട്ടുപിള്ളി എന്നിവടങ്ങളിലാണിത്. മാഞ്ഞൂര്‍, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളില്‍ ഉടന്‍ ആരംഭിക്കും. രണ്ട് ഡോക്ടര്‍മാരും ഡ്രൈവര്‍ കം അറ്റന്‍ഡന്റും ഉള്‍പ്പെടുന്നതാണ് സര്‍ജറി യൂണിറ്റ്. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. ചടങ്ങില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സണ്‍ പുളിക്കീല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ തുളസീദാസ് അമ്പലത്താംകുഴി, സിറിയക് വേലിക്കെട്ടേല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ നിര്‍മലാ ദിവാകരന്‍, ലിസ്സി ജോര്‍ജ്, സലിമോള്‍, ജോസഫ് ജോസഫ്, സാബു അഗസ്റ്റിന്‍, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.വി. സുജ, മരങ്ങാട്ടുപിള്ളി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ.സി. സന്തോഷ്, റിട്ടയേഡ് മൃഗസംരക്ഷണ ഉദ്യോഗസ്ഥരായ ഡോ.ആര്‍. ശ്രീനിവാസന്‍, ഡോ.ജെ. ഹരിഹരന്‍, ഡോ. മേരി ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

date