Skip to main content
റീജിയണൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം നടൻ സന്തോഷ്‌ കീഴാറ്റൂർ നിർവഹിക്കുന്നു

റീജിനല്‍ ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു ഉദ്ഘാടനം നടന്‍ സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു

 

ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഏട്ട് മുതല്‍ 11 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നടനും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു. സിനിമകള്‍ കാണുന്നതും ചലച്ചിത്രമേളകളുടെ ഭാഗമാകുന്നതും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ ലോഗോയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.  

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. നടി പ്രിയ ശ്രീജിത് മുഖ്യാതിഥിയായി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജോസ്, ചലച്ചിത്ര അക്കാദമി കൗണ്‍സില്‍ മെമ്പര്‍ പ്രതീപ് ചൊക്ലി, ഫെസ്റ്റിവെല്‍ സംഘാടക സമിതി കണ്‍വീനര്‍മാരായ കെ ജെ തോമസ്, കെ ടി ശേഖര്‍, ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ റോബിന്‍ സേവ്യര്‍, ഡെലിഗേറ്റ് കമ്മറ്റി കണ്‍വീനര്‍ പി കെ ഭവേഷ്, ചലച്ചിത്ര അക്കാദമി കോഴിക്കോട് കോ ഓര്‍ഡിനേറ്റര്‍ നവീന വിജയന്‍, ഡെലിഗേറ്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ ഡെലിഗേറ്റ് പാസ് ദേവഗിരി കോളേജ് വിദ്യാര്‍ഥി ദിയ ഏറ്റുവാങ്ങി. 

രജിസ്റ്റര്‍ ചെയ്യുന്ന ഡെലിഗേറ്റുകള്‍ക്കാണ് തിയേറ്ററില്‍ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ് (വിദ്യാര്‍ത്ഥികള്‍ക്ക് 177 രൂപ).  https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൈരളി തിയേറ്ററില്‍ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പുറമെ കൈരളി തിയേറ്ററില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും.

date