എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റ് നടത്തണം: മന്ത്രി കെ എൻ ബാലഗോപാൽ
കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ എല്ലാ സ്കൂളുകളിലും അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അവലോകന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളിൽ കൂടി കടന്ന് പോകുന്ന വൈദ്യുതി ലൈനുകൾ, താഴ്ന്ന് കിടക്കുന്ന കേബിളുകൾ, സ്കൂൾ കെട്ടിടത്തിനകത്തേക്ക് വൈദ്യുതി കടത്തിവിടുന്ന സർവീസ് വയറുകൾ, ട്രാൻസ്ഫോമറുകൾ തുടങ്ങിയവ അപകടകരമായി സ്ഥിതി ചെയ്യുന്നില്ലെന്നു ഉറപ്പാക്കണം. ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾ, പൊളിഞ്ഞു നിൽകുന്ന മതിലുകൾ കാലതാമസമില്ലാതെ പൊളിച്ച് നീക്കണം. സ്കൂൾ വളപ്പുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണം. സ്കൂൾ സുരക്ഷ ക്യാമ്പയിനോടൊപ്പം ലഹരി വിരുദ്ധ ക്യാമ്പയിനും പരിശോധനയും ശക്തമാക്കണം. ഓഗസ്റ്റ് 15ന് മുമ്പായി പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിൽ എല്ലാ സ്കൂളുകളിലും സുരക്ഷ യോഗവും സുരക്ഷ ഓഡിറ്റിങ്ങും നടത്തി ഡി ഇ ഒ, എ ഇ ഒ മാർ തഹസിൽദാരെ വിവരങ്ങൾ അറിയിക്കണം. സ്കൂൾ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങൾ പോലീസ്, ഫയർഫോഴ്സ്, എക്സൈസ്, വൈദ്യുതി തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പരിഹരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ, കൊല്ലം റൂറൽ അഡീഷണൽ എസ് പി ഷാനിഹാൻ, ഡി.ഇ.ഒ സി.എസ് അമൃത, തഹസിൽദാർ മോഹനകുമാരൻ നായർ, എസ്.എസ്.കെ ജില്ലാ കോഡിനേറ്റർ ജി.കെ ഹരികുമാർ, കൊട്ടാരക്കര ഹൈസ്കൂൾ പ്രിൻസിപ്പൽ റസിയ ബീവി, കൊട്ടാരക്കര ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂളുകളിലെ പ്രഥമ അധ്യാപകർ, പി ടി എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments