സ്പിൽ ഓവർ ഇല്ലാതെ വാർഷികപദ്ധതി പൂർത്തിയാക്കണം- ജില്ലാ ആസൂത്രണ സമിതി
ഒരു സാമ്പത്തിക വർഷം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന തുക ആ വർഷം തന്നെ ചെലവഴിക്കുന്ന രീതി നടപ്പാക്കി 2025-26 വാർഷിക പദ്ധതി മുതൽ സ്പിൽ ഓവർ ഇല്ലാതെ പദ്ധതികൾ പൂർത്തീകരിക്കുന്ന ജില്ലയായി കോഴിക്കോടിനെ മാറ്റണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. വാർഷിക പദ്ധതി അവലോകനവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് നിർദേശം. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് അംഗീകാരം ലഭിച്ച എല്ലാ പദ്ധതികളും സംബന്ധിച്ചു പ്രവർത്തനം ആരംഭിക്കണമെന്നും യോഗം നിർദേശം നൽകി. വാർഷിക പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി നാല് തലത്തിലുള്ള അവലോകന സംവിധാനം നടപ്പിലാക്കും.
യോഗത്തിൽ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകി. 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻ്റ് ഭേദഗതി പദ്ധതികൾക്കും അഞ്ച് നഗരഭരണസ്ഥാപനങ്ങളുടെ കെഎസ്ഡബ്ലുഎം പ്രോജക്ടുകൾക്കും അംഗീകാരം നൽകി.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ഇൻ ചാർജ്ജ് സി പി സുധീഷ്, ആസൂത്രണ സമിതി സർക്കാർ നോമിനി എ സുധാകരൻ, ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments