ഓണത്തിനപ്പുറം ചെണ്ടുമല്ലി! മൂല്യവർദ്ധിത ഉത്പന്ന നിർമാണത്തിന് പരിശീലനം നൽകി കുടുംബശ്രീ
കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കർഷകർക്ക് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി ഏകദിന പരിശീലനം നടത്തി. കാർഷിക സർവകലാശാലയുടെ ഫ്ലോറികൾച്ചർ ആൻഡ് ലാൻഡ്സ്കേപ്പിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിലായിരുന്നു പരിശീലനം.
കാർഷിക സർവകലാശാലാ കമ്മ്യൂണിക്കേഷൻ സെന്റർ മേധാവി ഡോ. ബിനു പി. ബോണി പരിപാടി ഉദ്ഘാടനം ചെയ്തു. ഓണ വിപണിയുമായി ബന്ധപ്പെട്ട് പുഷ്പകൃഷിയിൽ ഏർപ്പെട്ട കുടുംബശ്രീ കർഷകർക്ക്, പൂക്കൾ ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ ഒരുക്കാൻ പരിശീലനം നൽകി. ഫ്ലോറികൾച്ചർ വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസർ എം.എം. സിമിയാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
ചന്ദനത്തിരി, ഫ്ലോറൽ ജെല്ലി, രംഗോലി പൗഡർ തുടങ്ങി വിപണിയിൽ വൻ ഡിമാൻഡുള്ള ഉത്പന്നങ്ങളുടെ നിർമ്മാണമാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 അഗ്രി മൂല്യവർദ്ധിത സംരംഭകർ പരിശീലനത്തിൽ പങ്കെടുത്തു.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. യു. സലീൽ, കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഒ. സുലജ, ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ കെ.എൻ. ദീപ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ സിനി രാജ്, എം.എ റിയ എന്നിവർ പങ്കെടുത്തു.
- Log in to post comments