' മീഡിയേഷൻ ഫോർ ദി നേഷൻ' ക്യാമ്പയിന് തുടക്കമായി
രാജ്യത്തുടനീളം തീർപ്പാകാതെ കിടക്കുന്ന നിയമപരമായ കേസുകൾ പരിഹരിക്കുന്നതിന് സുപ്രീംകോടതിയുടെയും നാഷണൽ ലീഗൽ അതോറിറ്റിയുടെയും നേതൃത്വത്തിൽ നടക്കുന്ന 'മീഡിയേഷൻ ഫോർ ദി നേഷൻ' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലയിൽ പരിഗണിച്ച 600 കേസുകളിൽ 50 എണ്ണം രമ്യതയിൽ തീർപ്പാക്കാൻ സാധിച്ചുവെന്ന് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും മീഡിയേഷൻ സെന്റർ ജില്ലാ കോ ഓർഡിനേറ്റുമായ കെ.ടി നിസാർ അഹമ്മദ് പറഞ്ഞു.
സിവിൽ കേസുകൾ, വൈവാഹിക തർക്കങ്ങൾ, കുടുംബ തർക്കങ്ങൾ, അപകട ക്ലെയിമുകൾ, ഗാർഹിക പീഡനം, ചെക്ക് ബൗൺസ് കേസുകൾ, വാണിജ്യ തർക്കങ്ങൾ, സർവീസ് കാര്യങ്ങൾ, ക്രിമിനൽ കോമ്പൗണ്ടബിൾ കേസുകൾ, ഉപഭോക്തൃ തർക്കങ്ങൾ, കടം തിരിച്ചുപിടിക്കൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ എന്നിവ മീഡിയേഷൻ മുഖാന്തരം രമ്യതയിൽ അവസാനിപ്പിക്കാൻ സാധിക്കും. പരിശീലനം ലഭിച്ച പ്രൊഫഷണലുകളെയും അഭിഭാഷകരെയും ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ. ഒറ്റയ്ക്കും കൂട്ടമായും വിശ്വസ്തതയോടെ കാര്യങ്ങൾ ചർച്ചചെയ്ത് കൃത്യമായ പ്രശ്‌നം കണ്ടെത്തി കേസുകൾ പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ ജനസൗഹൃദവും ചെലവ് കുറഞ്ഞതും സമയം ലാഭിക്കാൻ സാധിക്കുന്നതുമാണ്.
കോടതിയുടെ പരിഗണനയിലുള്ള കേസുകൾ ഒത്തുതീർപ്പാക്കാൻ താൽപര്യമുള്ളവർക്ക് അഭിഭാഷകരെയോ ലീഗൽ സർവീസ് അതോറിറ്റി വഴിയോ ബന്ധപ്പെട്ട് മീഡിയേഷനിലേക്ക് മാറ്റാം. നിലവിൽ ലീഗൽ സർവീസ് അതോറിറ്റി മുഖാന്തരം സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമ സംവിധാനം നൽകുന്നുണ്ട്. ക്യാമ്പയിൻ സെപ്റ്റംബർ 30 വരെ തുടരും.
- Log in to post comments