Skip to main content
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ജില്ലാ എയ്ഡ്സ്  പ്രതിരോധ, നിയന്ത്രണ കമ്മറ്റി യോഗത്തിൽ നിന്ന്

യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധ  പ്രവർത്തനങ്ങൾ ഊർജിതമാക്കും

 

ജില്ല പ്രിവൻഷൻ ആൻഡ് കൺട്രോൾ കമ്മിറ്റി യോഗം ചേർന്നു

ജില്ലയിലെ യുവജനങ്ങൾക്കിടയിൽ എച്ച്ഐവി/എയ്ഡ്‌സ് അവബോധം സൃഷ്ടിക്കുന്നതിനും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനുമായി ജില്ലയിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല എയ്ഡ്സ് പ്രിവൻഷൻ ആൻഡ് കൺട്രോൾ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധം സൃഷ്ടിക്കുന്നതിനായി കെഎസ്എസിഎസ് യൂത്ത് ഫെസ്റ്റ് എന്ന പേരിൽ കോളേജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ, സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. മത്സരങ്ങൾ ഓഗസ്റ്റ് നാല്, ഏഴ് തീയതികളിൽ നടത്താനും തീരുമാനമായി. 

എച്ച്ഐവി പരിശോധന വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ഹെൽത്ത് ക്യാമ്പയിൻ എന്ന പേരിൽ വിവിധ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. എച്ച്ഐവി / എയ്ഡ്സ് (പ്രിവൻഷൻ ആൻഡ് കൺട്രോൾ) ആക്ട് 2017 പ്രകാരം കംപ്ലയിൻ്റ് ഓഫീസർമാരെ നിയോഗിക്കേണ്ട സ്ഥാപനങ്ങളിൽ അതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു. 
പൊതുജനങ്ങളുടെ ഇടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും അതിനായി എല്ലാ വകുപ്പ് മേധാവികളും സഹകരിക്കണമെന്നും ജില്ലാ കളക്ടർ യോഗത്തിൽ നിർദ്ദേശിച്ചു.
എച്ച്ഐവി/എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ ചികിത്സ മേഖലയിൽ ജില്ലയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ അവതരിപ്പിച്ചു. 

ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. കെ വി സ്വപ്ന, പോലീസ്, ജില്ലാ പഞ്ചായത്ത്, വനിതാ ശിശു വികസനം, ഐസിഡിഎസ്, വിദ്യാഭ്യാസം, തൊഴിൽ, പട്ടികവർഗ്ഗ വികസനം, തദ്ദേശ സ്വയംഭരണം, കെഎസ്എസിഎസ് സേവന കേന്ദ്രങ്ങൾ, ദിശ ക്ലസ്റ്റർ തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

date