കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന്റെ നിര്‍മ്മാണം സെപ്റ്റംബറില്‍ ആരംഭിക്കും
കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന്റെ (IMC) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും. പാലക്കാടിനെ ഒരു വ്യാവസായിക സ്മാര്‍ട്ട് ടൗണ്‍ഷിപ്പായി മാറ്റാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 1300 കോടി രൂപയുടെ (ജി.എസ്.ടി ഉള്‍പ്പടെ) ടെന്‍ഡര്‍ നടപടികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ടെന്‍ഡര്‍ നടപടികള്‍ക്ക് ശേഷം 42 മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ വ്യാവസായിക ഇടനാഴി പദ്ധതിയുടെ ഭാഗമായി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (NICDIT) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകോത്തര നിലവാരമുള്ള വ്യാവസായിക നഗരങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി (KBIC) ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ വിപുലീകരണമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ഇതിന് പാലക്കാട്ടെ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ (നോഡ് 1), കൊച്ചിയിലെ ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി (ഗ്ലോബല്‍ സിറ്റി - നോഡ് 2) എന്നിങ്ങനെ രണ്ട് നോഡുകളാണുള്ളത്.
ഭൂമിയേറ്റെടുക്കലിനു സംസ്ഥാന സർക്കാരും പദ്ധതിക്ക് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റുമാണ് പണം മുടക്കുക. പാലക്കാട്ടെ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍, പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. ഇതില്‍ പുതുശ്ശേരി സെന്‍ട്രലില്‍ 1137 ഏക്കറും, പുതുശ്ശേരി വെസ്റ്റില്‍ 240 ഏക്കറും, കണ്ണമ്പ്രയില്‍ 313 ഏക്കറുമാണുള്ളത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായി ആകെ 1844 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 1489 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇതുവരെ പുതുശ്ശേരി സെന്‍ട്രലിലും കണ്ണമ്പ്രയിലുമായി ഏകദേശം 1350 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനായി 1789.92 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. റോഡുകള്‍, ജലവിതരണം, മലിനജല സംസ്‌കരണ ശൃംഖല, ജല ശുദ്ധീകരണ പ്ലാന്റ്, മലിനജല സംസ്‌കരണ പ്ലാന്റ്, ഖരമാലിന്യ സംസ്‌കരണം, വൈദ്യുതി വിതരണ സംവിധാനങ്ങള്‍, വിവരസാങ്കേതികവിദ്യ, ആശയവിനിമയ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് (420 ഏക്കര്‍) , ഹൈടെക് ഇന്‍ഡസ്ട്രീസ് (96.5 ഏക്കര്‍), നോണ്‍ മെറ്റാലിക് മിനറല്‍ ഇന്‍ഡസ്ട്രീസ് (62.4 ഏക്കര്‍), ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രീസ് (54.3 ഏക്കര്‍) , റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസ് (83.9 ഏക്കര്‍), ഫുഡ് ആന്‍ഡ് ബിവറേജസ് (171.18 ഏക്കര്‍), ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍ (52.94 ഏക്കര്‍), റബ്ബര്‍ ആന്‍ഡ് പ്ലാസ്റ്റിക് (30.67 ഏക്കര്‍) തുടങ്ങിയ വ്യവസായങ്ങളാണ് പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററില്‍ വിഭാവനം ചെയ്തിരിക്കുന്നത്.ആശുപത്രി, താമസ സൗകര്യങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതു സൗകര്യങ്ങളോടുകൂടിയ ഒരു ടൗണ്‍ഷിപ്പായി ക്ലസ്റ്ററിനെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിനായി, കേന്ദ്ര സര്‍ക്കാരിന് വേണ്ടി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും കേരള സര്‍ക്കാരിന് വേണ്ടി കിന്‍ഫ്രയും 50:50 ഓഹരി പങ്കാളിത്തത്തില്‍ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ((KICDC) എന്ന പ്രത്യേകോദ്ദേശ്യ കമ്പനി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) 2021 ഏപ്രില്‍ 21-ന് രൂപീകരിച്ചിട്ടുണ്ട്.
- Log in to post comments