വനിതാ യാത്രികരെ ഇതിലെ ഇതിലെ.. ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ സ്ത്രീകൾക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസം
ഇടുക്കിയിലെത്തുന്ന വനിതാ യാത്രികര്‍ക്ക് കോടമഞ്ഞിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ
താമസിക്കാം. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം പൂർത്തിയായ ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജാണ് ഈ സൗകര്യമൊരുക്കുന്നത്. പഞ്ചായത്തിലെ രണ്ടാം മൈലില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. ഏഴ് ബെഡ്റൂം, 16 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി, റസ്റ്റോറന്റ്, അടുക്കള തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമിവിടെയുണ്ട്. സഞ്ചാരികള്‍ക്കായി ഇഷ്ടാനുസരണമുള്ള വിഭവങ്ങളും ഒരുക്കി നല്‍കും. റിസോര്‍ട്ടുകളിലേതിന് സമാനമായ ആധുനിക സൗകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ലോഡ്ജിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. സഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇടുക്കി ഡാമിന്റെ വിദൂര കാഴ്ചയും മലനിരകളും മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന തേയില തോട്ടങ്ങളുടെ മനോഹാരിതയുമൊക്കെ ലോഡ്ജില്‍ നിന്ന് ആവോളം ആസ്വദിക്കാം.
2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഹുവര്‍ഷപദ്ധതിയായിട്ടാണ് പള്ളിവാസല്‍ പഞ്ചായത്ത് ഇത് നടപ്പിലാക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
എറണാകുളത്ത് വരുന്നവര്‍ക്ക് അടിമാലി - കല്ലാര്‍ വഴിയും രാജാക്കാട് ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് കുഞ്ചിത്തണ്ണി - ചിത്തിരപുരം വഴിയും കട്ടപ്പനയിൽ നിന്ന് വരുന്നവര്‍ക്ക് വെള്ളത്തൂവല്‍ - ആനച്ചാല്‍ വഴിയും ഇവിടേക്ക് എത്താം.
ചിത്രം : പള്ളിവാസലില്‍ നിര്‍മ്മാണം പൂർത്തിയായ ഷീ ലോഡ്ജ്
- Log in to post comments