വാടാനപ്പള്ളി സ്കൂൾ മൈതാനം ജനകീയ കൂട്ടായ്മയിലൂടെ കളിക്കളം ഒരുക്കുവാൻ നാടൊരുങ്ങുന്നു, ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു
122 വർഷത്തെ പാരമ്പര്യമുള്ള വാടാനപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിന്റെയും ഒരു തലമുറയുടെയും സ്വപ്നമായിരുന്ന സ്വന്തം കളിസ്ഥലം എന്ന ആഗ്രഹത്തിന് ചിറക് മുളക്കുമെന്നു. സ്കൂളിന് സമീപം മൈതാനം ഒരുക്കുന്നതിനുള്ള സ്ഥലം ജനകീയ കൂട്ടായ്മയിലൂടെ ഏറ്റെടുക്കാൻ മുരളി പെരുനെല്ലി എം.എൽ.എയുടെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായതോടെ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമാകുമെന്ന പ്രതീക്ഷ കൈവന്നിരിക്കുകയാണ്.
വാടാനപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിന്റെ ചിരകാലാഭിലാഷമാണ് സ്വന്തമായ ഒരു കളിസ്ഥലം. നിലവിൽ സ്കൂൾ തലത്തിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതും കുട്ടികൾ പരിശീലിക്കുന്നതുമെല്ലാം 3-4 കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് മൈതാനത്താണ്. സ്വന്തമായി മൈതാനമില്ലാത്തപ്പോഴും സംസ്ഥാനതലത്തിൽ വരെ മികവ് തെളിയിച്ച കായികതാരങ്ങൾ ഈ സ്കൂളിലുണ്ടെന്നത് ശ്രദ്ധേയമാണ്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്കൂളിൽ സന്ദർശനം നടത്തിയതോടെ നടപടികൾക്ക് വേഗമേറിയത്.
എം.എൽ.എയ്ക്കും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി എന്നിവർക്കുമൊപ്പമാണ് കളക്ടർ സ്കൂളിലെത്തിയത്.
കളിച്ചുവളരാനുള്ള കളിസ്ഥലം യാഥാർത്ഥ്യമാവാൻ അധികം താമസമില്ലെന്നറിഞ്ഞ് കുട്ടികൾക്കും നിറഞ്ഞ സന്തോഷം. കുട്ടികളുമായി ഏറെനേരം സംവദിച്ച കളക്ടർ, അവർക്കായി കളിയുപകരണങ്ങൾ സമ്മാനിച്ചത് ഇരട്ടിമധുരമായി.
തുടർന്ന്, കളിസ്ഥലത്തിനായി സ്കൂളിന് സമീപം കണ്ടെത്തിയ നിർദ്ദിഷ്ട സ്ഥലം കളക്ടറും സംഘവും സന്ദർശിച്ചു. സ്ഥലത്തിന്റെ സാധ്യതകളും നിയമപരമായ വശങ്ങളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സ്കൂളിന്റെ ഭാവിക്കും വിദ്യാർത്ഥികളുടെ കായികക്ഷമതയ്ക്കും ഒരു മൈതാനം അത്യാവശ്യമാണെന്ന് കളക്ടർ വിലയിരുത്തി.
പിന്നീട് സ്കൂൾ പ്രിൻസിപ്പൽ പി.എം. കണ്ണൻ, ഹെഡ്മാസ്റ്റർ വി.എം. ഹനീഫ, പിടിഎ പ്രസിഡൻ്റ്, എംപിടിഎ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി സംഘടന (ഒഎസ്എ) പ്രതിനിധികൾ, വികസന സമിതി അംഗങ്ങൾ എന്നിവരുമായി കളക്ടറും ജനപ്രതിനിധികളും വിശദമായ ചർച്ച നടത്തി.
ഈ ജനകീയ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിന് വിപുലമായ സംഘാടക സമിതി യോഗം ഉടൻ വിളിച്ചുചേർക്കാൻ ചർച്ചയിൽ ധാരണയായി. സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ ഫണ്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും കണ്ടെത്താനാണ് തീരുമാനം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും, നാടിന്റെ ഈ പൊതു ആവശ്യത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കളക്ടറുടെയും എംഎൽഎയുടെയും ഉറപ്പും, ജനകീയ കൂട്ടായ്മയുടെ ശക്തിയും ചേരുമ്പോൾ, വാടാനപ്പള്ളിയിലെ കുട്ടികളുടെ കളിചിരികൾക്ക് ഇനി സ്വന്തമായൊരിടം വൈകാതെ ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് നാടും സ്കൂളും.
- Log in to post comments