Skip to main content

വടക്കാഞ്ചേരി നിയോജക മണ്ഡലം പട്ടയമേള രണ്ടിന്  ആശ്വാസം ഉത്സവമാക്കി ഒരു ജനത

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും വിഫലമായ പരിശ്രമങ്ങൾക്കും പരിഹാരമാകുമ്പോൾ അവണൂർ അംബേദ്കർ നഗറിൽ ഇന്ന് ഉത്സവമാണ്. ആശ്വാസത്തിന്റെ മധുരവും ആത്മവിശ്വാസത്തിന്റെ കരുത്തും ആർജിച്ച ഒരു ജനതയുടെ അതിജീവന പോരാട്ടത്തിന്റെ സുന്ദര നിമിഷം. സംസ്ഥാന സർക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സാധാരണക്കാരിൽ സാധാരണക്കാരായ 97 കുടുംബങ്ങളാണ് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ അംബേദ്കർ നഗറിൽ മാത്രം ഭൂമിയുടെ അവകാശികളാവുന്നത്.

സ്വന്തം ഭൂമിയുടെ രേഖയ്ക്കായി നിരന്തരം നടത്തിയ പരിശ്രമങ്ങളെല്ലാം വിഫലമായിപ്പോയ പഴയ തലമുറയുണ്ട് അംബേദ്കർ നഗറിൽ. പ്രതിസന്ധികളും ജീവിതയാഥാർത്ഥ്യങ്ങളും പിന്നിട്ട് വാർധക്യത്തോട് പൊരുത്തപ്പെട്ട അവർക്കിന്ന് യൗവ്വനത്തിന്റെ ആവേശമാണ്. അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെയുമെല്ലാം നിറപുഞ്ചിരിയും നിറഞ്ഞകണ്ണുകളുമായി ഒരുകൂട്ടം മുഖങ്ങൾ. തങ്ങളുടെ മക്കൾക്കും കൊച്ചുമക്കൾക്കുമായി എന്തെല്ലാമോ കരുതിവക്കാൻ സാധിച്ച സംതൃപ്തിയാണ് അവർക്കിന്ന്.

ആഗസ്റ്റ് രണ്ടിന് അവണൂർ ഗ്രാമപഞ്ചായത്തിലെ വരടിയം ജി.യു.പി സ്കൂളിൽ നടക്കുന്ന പട്ടയമേളയിലേക്ക് അംബേദ്കർ നഗറിൽ നിന്നും ആരംഭിക്കുന്ന ദേശത്തിന്റെ ഘോഷയാത്രയ്ക്ക് ഒരുങ്ങുകയാണ് നാട്. വയോജനങ്ങളും കുട്ടികളും സ്ത്രീകളും എല്ലാം ഉൾപ്പെടുന്ന ജീവിതത്തിൽ ആഘോഷിക്കാൻ മാറ്റിവെച്ച ഒരു സുന്ദര നിമിഷത്തിന്റെ ഓർമ്മയ്ക്കായി നാടിന്റെ ഉത്സവമാകും പട്ടയ മേള. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ 531 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. അതിൽ അവണൂർ ഗ്രാമപഞ്ചായത്തിൽ അംബേദ്കർ നഗർ, J ഇത്തിപ്പാറ, മൈലാംകുന്ന് എന്നിവിടങ്ങളിലായി 127 പട്ടയങ്ങൾ വിതരണം ചെയ്യും.

date