അക്ഷരകേരളം:ജനകീയ വിദ്യാഭ്യാസ സർവെ തുടങ്ങി
അക്ഷരകേരളം ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പാതി വഴിയിൽ പഠനം മുടങ്ങിയവരെ കണ്ടെത്താൻ കോളേജ് വിദ്യാർഥികൾ സർവെ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട്
വോളൻ്റിയർമാർക്കുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നങ്ങ്യാർകുളങ്ങര ടി കെ എം എം കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി നിർവ്വഹിച്ചു.
അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തുന്നതിനും നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി എന്നീ തുല്യതാകോഴ്‌സുകളിലേക്ക് പഠിതാക്കളെ കണ്ടെത്തുന്നതിനും സർവെ വഴി സാധിക്കും.
അക്ഷരകേരളം സർവെയ്ക്ക് നാഷണൽ സർവീസ് സ്കീം വോളൻ്റിയർമാരാണ് നേതൃത്വം നൽകുന്നത്.
ജില്ലയിൽ 23 യൂണിറ്റുകളിലായി 1500 ന് മേൽ വോളൻ്റിയർമാർ ഉണ്ട്.
സർവെയിലൂടെ കണ്ടെത്തുന്നവരെ തുല്യതാ കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്യും. ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പഠിതാക്കൾക്കാവശ്യമായ ഫീസ് തുക കണ്ടെത്തും.
കോളേജ് പ്രിൻസിപ്പൽ ഡോ എസ് ആർ രാജീവ് അധ്യക്ഷനായി. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ് , ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി എസ് താഹ, അസിസ്റ്റൻ്റ് കോർഡിനേറ്റർ എസ് ലേഖ , എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ എം വി പ്രീത , പ്രോഗ്രാം ഓഫീസർ സനൂപ് ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.
- Log in to post comments