Skip to main content

ലോക എയ്ഡ്‌സ് ദിനം; ജില്ലയില്‍ വിവിധ പരിപാടികള്‍

 

ലോക എയ്ഡ്‌സ് ദിനം ഡിസംബര്‍ ഒന്നിന് ജില്ലയില്‍ സമുചിതമായി ആചരിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ആസൂത്രണ കമ്മിറ്റി യോഗം തീരുമാനിച്ചു.  നവംബര്‍ 30 ന് തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് ആറിന് മെഴുകുതിരി തെളിക്കും.   ജില്ലാ മെഡിക്കല്‍ ഓഫീസ്, സെന്‍ട്രല്‍ റയില്‍വേ സുരക്ഷ പദ്ധതി തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും.  ഡിസംബര്‍ ഒന്നിന് രാവിലെ 8.30 ന് കനകക്കുന്നില്‍ നിന്നും യൂണിവേഴസിറ്റി കോളജ് വരെ റാലിയുമുണ്ടാകും.  റാലിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ടീമുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും യോഗം തീരുമാനിച്ചു.  സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, എന്‍.സി.സി കേഡറ്റുകള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരക്കും.
എയ്ഡ്‌സിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.  അഡീ. ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സിന്ധു, വിവിധ എയ്ഡ്‌സ് സുരക്ഷാ പ്രോജക്ട് അംഗങ്ങള്‍, എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്. പ്രതിനിധികള്‍ ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2703/2018)

 

date