Skip to main content

പുനർഗേഹം ഫ്ലാറ്റുകൾ: അവശേഷിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാക്കും : ജില്ലാ വികസന സമിതി യോഗം

പുനർഗേഹം പദ്ധതിയുടെ ഭാഗമായി പുറക്കാട് മണ്ണുംപുറത്ത് നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ അവശേഷിക്കുന്ന പണികൾ ഉടൻ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ടവരെ കണ്ടെത്തി അവരെയും പുനർഗേഹം ഫ്ലാറ്റിന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകൾ കൈമാറണമെന്നും വികസന സമിതി യോഗം നിർദ്ദേശം നൽകി. 

ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിലാണ് വികസന സമിതി യോഗം ചേർന്നത്.

 പുനർഗേഹം പദ്ധതി ഗുണഭോക്താക്കൾക്കായി പുറക്കാട് മണ്ണുംപുറത്ത് നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ നിർമ്മാണ വിവരങ്ങൾ സംബന്ധിച്ച് എച്ച് സലാം എംഎല്‍എയുടെ ചോദ്യത്തിന്റെ മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

 പ്രകൃതിക്ഷോഭ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിലെ കാലതാമസം സംബന്ധിച്ച് പി പി ചിത്തരഞ്ജൻ എംഎൽഎ ഉന്നയിച്ച ചോദ്യവും യോഗത്തിൽ ചർച്ച ചെയ്തു. 2024ൽ രണ്ടുകോടി രൂപ നഷ്ടപരിഹാരത്തുകയായി അനുവദിച്ചതിൽ 1.4 കോടി രൂപ വിതരണം ചെയ്തു എന്നും ബാക്കിയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും 2025ൽ ഇതുവരെ 125 അപേക്ഷകളാണ് ലഭ്യമായിട്ടുള്ളതെന്നും ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ യോഗത്തെ അറിയിച്ചു.

കുട്ടനാട്ടിലെ മാവേലി സ്റ്റോറുകളിലെയും സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും സാധനങ്ങളുടെ ലഭ്യതയെ സംബന്ധിച്ച് തോമസ് കെ തോമസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഓണത്തിന് മുമ്പായി എല്ലാ സബ്സിഡി സാധനങ്ങളും ഓണക്കിറ്റും സമൃദ്ധി കിറ്റുകളും എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമായിരിക്കും എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സപ്ലൈകോ റീജയണൽ മാനേജർ യോഗത്തെ അറിയിച്ചു. 

 

 സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളുടെ ഭൗതിക പരിശോധന വിവരങ്ങളും യോഗത്തിൽ വിലയിരുത്തി. സ്കൂളുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിലായി 51 കെട്ടിടങ്ങൾ പൊളിച്ചു നീക്കുവാനും 102 കെട്ടടങ്ങൾ അറ്റകുറ്റപ്പണി നടത്തുവാനുമായി ഉണ്ടെന്നും ഈ കെട്ടിടങ്ങളിൽ നിലവിൽ ക്ലാസുകൾ നടക്കുന്നില്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് യോഗത്തെ അറിയിച്ചു.

 കുട്ടനാട് അടിക്കടി നേരിടുന്ന വെള്ളപ്പൊക്ക ഭീഷണി നിയന്ത്രിക്കാൻ തോട്ടപ്പള്ളി പൊഴിയുടെ വീതി വർധിപ്പിക്കണമെന്നും, വിയപുരം ലീഡിങ് ചാനൽ, വേമ്പനാട്ടുകായൽ എന്നിവയുടെ ആഴം കൂട്ടണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി കെ ഗോപകുമാര്‍ ആവശ്യപ്പെട്ടു.  

 ജില്ലാ കോടതി പാലം നിർമ്മാണത്തിനോട് അനുബന്ധിച്ച് നടപ്പാക്കിയ ഗതാഗത നിയന്ത്രണങ്ങൾ വള്ളംകളി കാണാൻ എത്തുന്നവരുടെ യാത്ര തടസ്സപ്പെടുത്താത്ത രീതിയിൽ ക്രമീകരിക്കണമെന്നും അതിന്റെ റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറണമെന്നും യോഗം നിർദ്ദേശം നൽകി. 

 

  തൈക്കാട്ടുശേരി ആശുപത്രി പുതുക്കി പണിയുന്നത് സംബന്ധിച്ച ദലീമ ജോജോ എംഎൽഎ സമർപ്പിച്ച ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ 110 വർഷം പഴക്കമുള്ള കെട്ടിടം പൈതൃക കെട്ടിടമായി നിലനിർത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. ദേശീയപാത നിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ തുറവൂർ കുമ്പളങ്ങി റോഡ്, മാക്കിത്തറ റോഡ് എന്നിവ തകർന്നു കിടക്കുന്നത് സംബന്ധിച്ച് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. 

 വിജയാ പാർക്ക്, മുളക്കുഴ ക്ഷേത്രം, കൊമ്മാടി ജംഗ്ഷൻ എന്നിവിടങ്ങളിലും തുറവൂർ മുതൽ അരൂർ വരെയുള്ള പ്രദേശങ്ങളിലും എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിന് ആവശ്യമായ പരിഹാരങ്ങൾ ദ്രുതഗതിയിൽ കൈക്കൊള്ളണമെന്ന് കെ.സി വേണുഗോപാൽ എംപിയുടെ പ്രതിനിധി എ.എ ഷുക്കൂർ യോഗത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. (പിആര്‍/എഎല്‍പി/2525)

date