അരൂക്കുറ്റി പഞ്ചായത്തിൽ ജലബജറ്റ് പ്രകാശനം ചെയ്തു
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ ജല ബജറ്റ് പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് നിർവഹിച്ചു. ഓരോ പ്രദേശത്തെയും ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കിയ ബജറ്റ് ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കും. പ്രദേശത്തിൻ്റെ ജലലഭ്യതയും ആവശ്യകതയും കണ്ടെത്തി കുറവുള്ള സ്ഥലങ്ങളിൽ ഭൂഗർഭജല സംഭരണം വർദ്ധിപ്പിക്കുന്നതിനും കുറവുള്ള ഇടങ്ങളിൽ ജലം സംഭരിച്ച് സംരക്ഷിച്ച് പ്രയോജനപ്പെടുത്താനും ജല ബജറ്റിലൂടെ ലക്ഷ്യമിടുന്നു.
കുളങ്ങൾ, കായലുകൾ, തടാകങ്ങൾ, ചതുപ്പുകൾ, വയലുകൾ, നീർച്ചാലുകൾ എന്നിവ മലിനമാകാതെ വീണ്ടെടുക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും മികച്ച ആസൂത്രണത്തിലൂടെ പ്രദേശത്ത് ലഭ്യമാകുന്ന മഴവെള്ളം പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള പ്രധാന ചുവടുവെപ്പാണ് ഹരിതകേരളം മിഷൻ്റെ ജലബജറ്റ്.
ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അൻസില നിഷാദ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷൻ പി എം ഷാനവാസ്, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എസ് രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി പി സന്തോഷ്‌കുമാർ, ഹരിതകേരളം മിഷൻ ആർപി കെ കെ രജീഷ് തുടങ്ങിയവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/2536)
- Log in to post comments