ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിലൂടെ അധിക വരുമാനം: മന്ത്രി കെ.എൻ. ബാലഗോപാൽ
ഫലവൃക്ഷങ്ങൾ കൃഷി ചെയ്യുന്നതിലൂടെ കാർഷിക മേഖലയ്ക്ക് അധികവരുമാനം ലഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുളക്കട ഗ്രാമപഞ്ചായത്തിൽ ജൈവം ജീവാമൃതം, ഫലശ്രീ എന്നീ പദ്ധതികളിലൂടെ ലഭ്യമാക്കിയ പച്ചക്കറി- ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം പൂവാറ്റൂർ സർക്കാർ എൽപിഎസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡ്രാഗൺ ഫ്രൂട്ട്, റമ്പൂട്ടാൻ തുടങ്ങിയ പുതിയ ഫലങ്ങൾക്ക് വിപണിയിൽ പരമ്പരാഗത വിളകളെക്കാൾ വിലയുണ്ട്. അലങ്കാര ചെടികൾക്കും വിലയുണ്ട്. ജില്ലയിലെ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയുള്ള മേഖലയാണ് കുളക്കട. അത് ഉപയോഗപ്പെടുത്തി പുതിയ ഇനം കാർഷിക വിളകളുടെ കൃഷിക്കായി ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കണം. കൃഷിയുടെ മേൽനോട്ടത്തിനും കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനും സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജികടുക്കാല അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് പി ബി ബീന, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. രഞ്ജിത്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്‌മി, സ്ഥിരംസമിതി അധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments