Skip to main content

'മികവുത്സവം' സംഘടിപ്പിച്ചു

കാഴ്ച പരിമിതിയുള്ളവര്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി 'മികവുത്സവം' എന്ന പേരില്‍ പരീക്ഷ സംഘടിപ്പിച്ചു. പാലക്കാട് മോയന്‍സ് എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. 80 വയസ്സുള്ള ദേവയാനി അമ്മയ്ക്ക് ചോദ്യപേപ്പര്‍ നല്‍കിയാണ് പരീക്ഷയ്ക്ക് തുടക്കം കുറിച്ചത്.
കാഴ്ച പരിമിതിയുള്ളവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനും അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പാലക്കാട്, ആലത്തൂര്‍, മലമ്പുഴ, പട്ടാമ്പി, ശ്രീകൃഷ്ണപുരം എന്നീ ബ്ലോക്കുകളില്‍ നിന്നുള്ള 100 പഠിതാക്കളാണ് പരീക്ഷയില്‍ പങ്കെടുത്തത്. അഞ്ച് പഠനകേന്ദ്രങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് പഠനസാമഗ്രികള്‍ സാക്ഷരതാ മിഷന്‍ സൗജന്യമായി നല്‍കി. പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
കെ.എഫ്.ബി. ജില്ലാ പ്രസിഡന്റ് വി.എന്‍. ചന്ദ്രമോഹന്‍ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, സാക്ഷര സമിതി അംഗം ഒ. വിജയന്‍ മാസ്റ്റര്‍, സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ സജി തോമസ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് പ്രതിനിധികളായ സത്യന്‍, സുധീര്‍ കാട്ടുകുളം, അജയന്‍, വിനോദ്, അജു, പ്രേമരാജ്, സുഭാഷ് എന്നിവരും പങ്കെടുത്തു
 

date