വിജ്ഞാന കേരളം: ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്ക് മൈക്രോ തൊഴിൽമേള നാളെ (27)
സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മൈക്രോ തൊഴിൽമേള നാളെ (ആഗസ്റ്റ് 27 ന്) പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും.
ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകൾ ചേർന്നുള്ള ക്ലസ്റ്ററിലെ മേളയാണ് സംഘടിപ്പിക്കുന്നത്. 25 സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് 2500ലധികം തൊഴിലവസരങ്ങളാണുള്ളത്. പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി തുടങ്ങിയ കോഴ്സുകൾ പാസായവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ഓൺലൈനായി ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അതാത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തു വരുന്നവർക്ക് മുൻഗണന ലഭിക്കും.
'ഓണത്തിന് ഒരു ലക്ഷം തൊഴിൽ' കാമ്പയിൻ ലക്ഷ്യത്തോടെയാണ് മൈക്രോ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്. ജില്ലാ തലത്തിൽ നടന്ന മെഗാ തൊഴിൽമേളയുടെ തുടർച്ചയാണ് മൈക്രോ തൊഴിൽമേളകൾ. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാകും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളത്തിന്റെ ഭാഗമായി നടത്തും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ ഡി മഹീന്ദ്രൻ, വി ജി മോഹനൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ റിയാസ്, അഡ്വ. പി എസ് ഷാജി, വി ഉത്തമൻ, വിജ്ഞാന കേരളം ഡിഎംസി സി കെ ഷിബു, കെ ഡിസ്ക് ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം ഷിബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
(പിആര്‍/എഎല്‍പി/2552)
- Log in to post comments