പുറക്കാട് പഞ്ചായത്തിലെ അയ്യൻകോയിക്കൽ ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു
അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്തിലെ അയ്യൻകോയിക്കൽ ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. ദേശീയപാതാ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഈ ഭാഗത്ത് കലിങ്ക് പുനർ നിർമ്മിക്കാതിരുന്നതിനെ തുടർന്നാണ് ഇവിടം വെള്ളക്കെട്ടായത്. ഇതുമൂലം അയ്യൻകോയിക്കൽ ക്ഷേത്ര പരിസരവും സമീപത്തെ വീടുകളും വെള്ളക്കെട്ടാകുകയും ജനജീവിതം ദുസഹമാകുകയും ചെയ്തിരുന്നു.
വിഷയം പരിഹരിക്കാൻ ദേശീയപാതാ അതോറിറ്റിയോട് എച്ച് സലാം എം എൽ എ രേഖാമൂലം ആവശ്യപ്പെടുകയും, രണ്ടുതവണ കളക്ട്രേറ്റിൽ യോഗം ചേരുകയും ചെയ്തു. യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ദേശീയപാത പ്രോജക്ട് ഡയറക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി അനുമതിക്ക് നൽകുകയും ഇവിടെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തിരമായി കലിങ്ക് നിർമ്മിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തിങ്കളാഴ്ച വീണ്ടും കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു.
ഒപ്പം കാണ നിർമ്മാണം മൂലമുണ്ടായ പല സ്ഥലങ്ങളിലേയും വെള്ളക്കെട്ട് പരിഹരിക്കാൻ ജലനിർഗമനത്തിന് പൊതു തോടുകൾ ഉപയോഗപ്രദമാക്കണമെന്നും യോഗം തീരുമാനിച്ചു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ എൻ എച്ച് ന് കുറുകെ നിർമ്മിക്കുന്ന കാണയുടെ അപാകതകൾ പരിഹരിച്ച് സമീപത്തെ കടകളിലേയും വീടുകളിലേയും വെള്ളക്കെട്ട് നീക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കും. പുറക്കാട് പഞ്ചായത്തിലെ കരൂർ, മാത്തേരി, അമ്പലപ്പുഴ, നീർക്കുന്നം, കുറവൻ തോട് എന്നിവിടങ്ങളിൽ താൽക്കാലികമായി പൈപ്പ് സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്നും തീരുമാനിച്ചു. ഈ സ്ഥലങ്ങളിൽ എൻ എച്ച് ഉദ്യോഗസ്ഥർ കരാറുകാർ കമ്പനി പ്രതിനിധികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിൽ സംയുക്ത പരിശോധന നടത്തും.
കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് സലാം എം എൽ എ, എൻ എച്ച് പ്രോജക്ട് ഡയറക്ടർ ബിപിൻ മധു, കരാർ കമ്പനി മേധാവി സജീഷ്, ആർ ഇ ടി രാജലിംഗം, അസിസ്റ്റൻ്റ് എഞ്ചിനീയർ ഡി രവികുമാർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിലീപ് ഗോപാൽ, അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ഷിനോ മറിയം ജോൺ, എ സുമേഷ് കുമാർ, എ യുവരാജ്, ഷിബു ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
- Log in to post comments