സർക്കാരിന്റെ ഇച്ഛാശക്തി വിലക്കയറ്റത്തെ പിടിച്ചു നിർത്തി: മന്ത്രി പി പ്രസാദ്
*സപ്ലൈകോ ജില്ലാ ഓണംഫെയർ 2025 ഉദ്ഘാടനം ചെയ്തു
സർക്കാരിന്റെ ഇച്ഛാശക്തി മൂലം വിലക്കയറ്റത്തെ പിടിച്ചു നിർത്താനായാതായി കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സപ്ലൈകോ ജില്ലാ ഓണംഫെയർ 2025ന്റെ പ്രവർത്തന ഉദ്ഘാടനം പുന്നപ്ര-വയലാർ സ്മാരക ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തിൽ കൃഷിക്കാർ ഉല്പാദിപ്പിക്കുന്ന നെല്ല് സംഭരിക്കുന്നതുപോലും സപ്ലൈകോ വഴിയാണ്. പ്രാദേശികമായുള്ള ചെറുകിട സംരംഭകരുടെ കാർഷികോത്പ്പന്നങ്ങളിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങൾ കെ സ്റ്റോറുകൾ വഴിയും മാവേലി സ്റ്റോറുകൾ വഴിയും വിപണനം ചെയാനാണ് സർക്കാർ ആലോചിക്കുന്നത്. ഇങ്ങനെയൊരു പുതിയ മാതൃകയുണ്ടാകാൻ ഭക്ഷ്യ സിവിൽ, സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ കാണിച്ച താൽപ്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഉപഭോക്താവിന്റെ താൽപര്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് മാവേലി സ്റ്റോറുകൾ പ്രവർത്തിക്കുന്നത്. നാട്ടിലെ മാർക്കറ്റുകളിൽ നിന്ന് സാധാരണക്കാരൻ നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകരുത്. ഓണക്കാലത്ത് അരിയുടെ ഉപയോഗം കൂടുന്ന സാഹചര്യത്തിൽ സാധ്യമാകുന്ന എല്ലായിടങ്ങളിൽ നിന്നും അരിയെത്തിച്ച് വിലക്കയറ്റം തടയുവാനായി സർക്കാർ വിപണിയിൽ ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം ഇല്ലാത്ത ഒരോണക്കാലത്തെ സൃഷ്ടിച്ചെടുക്കുവാനും സപ്ലൈകോയുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പ്രയോജനപ്പെടുത്തുവാനും പൊതുജനങ്ങൾക്ക് സാധിക്കണം എന്ന് മന്ത്രി പറഞ്ഞു.
ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) എല്ലാ ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ഓണം ഫെയർ ഒരുക്കുന്നുണ്ട്. അരിയും വെളിച്ചെണ്ണയുമടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ ന്യായവിലയ്ക്ക് ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് വൻ വിലക്കുറവും ഓഫറുകളും നൽകുന്നുണ്ട്. പ്രത്യേക സമ്മാന പദ്ധതികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാല് വരെ ആലപ്പുഴ ജില്ലാകോടതി പാലത്തിന് പടിഞ്ഞാറു വശമുള്ള പുന്നപ്ര-വയലാർ സ്മാരക ഹാളിലാണ് ഫെയർ ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം. ഫെയറിനോടനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും പ്രവർത്തിക്കും. ഉൾപ്രദേശങ്ങളിലും സബ്‌സിഡി സാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും എത്തിക്കാൻ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകൾ സഞ്ചരിക്കും.
ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഹോർട്ടികോർപ് അസിസ്റ്റന്റ് മാനേജർ സംഗീത ഷംനാദ് മന്ത്രിയിൽ നിന്ന് ആദ്യ വില്പന ഏറ്റുവാങ്ങി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി, ജില്ലാ സപ്ലൈ ഓഫീസർ കെ മായാദേവി, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments