സ്‌കൂള്‍ ശാസ്‌ത്രോത്സവങ്ങളെ ശാസ്ത്ര പ്രചരണങ്ങളുടെയും ബോധവത്കരണത്തിന്റെയും ഉപാധിയാക്കാന്‍ ശ്രമിക്കണം: മന്ത്രി എം ബി രാജേഷ്
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു
സ്‌കൂള്‍ ശാസ്‌ത്രോത്സവങ്ങളെ ശാസ്ത്ര പ്രചാരണത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഉപാധിയാക്കാന്‍ ശ്രമം വേണമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ്. നവംബര്‍ ഏഴു മുതല്‍ 10 വരെ പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ ശാസ്ത്രമേളകള്‍ നാടിനും, വൈജ്ഞാനിക മേഖലയ്ക്കും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും, ഇത്തരം മേളകളില്‍ നിന്ന് ഉയര്‍ന്നു വന്നവര്‍ക്ക് പിന്നീട് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കലാമേള, കായിക മേളകളോടൊപ്പം തുല്യ പ്രാധാന്യം ശാസ്ത്രമേളകള്‍ വഹിക്കുന്നുണ്ടെന്നും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശാസ്ത്രത്തിന്റെ സന്ദേശം എത്തിക്കുവാനുള്ള അവസരമാക്കി ശാസ്ത്രമേളയെ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസ മേഖല ധീരമായ പരീക്ഷണങ്ങളും, നൂതനമായ ആശയങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ പഠനനിലവാര സൂചികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. വിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി വഴി 5000 കോടി രൂപയുടെ മുതല്‍മുടക്ക് നടത്താന്‍ സര്‍ക്കാരിനായി, രാജ്യത്ത് മറ്റൊരു സംസ്ഥാനങ്ങള്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള അടിസ്ഥാന വികസനം കേരളം നടത്തിയെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശുചിത്വ സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അമ്പതിനായിരം കുട്ടികള്‍ക്ക് ഇത് വിതരണം ചെയ്യും. കൂടാതെ, വരുന്ന ശാസ്ത്രമേളയില്‍ ശുചിത്വം സംബന്ധിച്ചുള്ള മികച്ച പ്രൊജക്ടുകള്‍ക്ക് പ്രത്യേകമായ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികള്‍. സംഘാടക സമിതിയിലെ മറ്റുള്ളവരെ താഴെ പറയുന്നു.
രക്ഷാധികാരികള്‍: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.
ഉപരക്ഷാധികാരികള്‍: വി കെ ശ്രീകണ്ഠന്‍ എം.പി, കെ രാധാകൃഷ്ണന്‍ എം.പി, എം പി അബ്ദുല്‍ സമദ് സമദാനി എം.പി, എംഎല്‍എമാരായ കെ ഡി പ്രസേനന്‍ , കെ ബാബു, കെ ശാന്തകുമാരി , എ പ്രഭാകരന്‍, എന്‍ ഷംസുദ്ദീന്‍, പി പി സുമോദ്, കെ പ്രേംകുമാര്‍, കെ മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ:എസ് ചിത്ര, ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍
സംഘാടക സമിതി ചെയര്‍മാന്‍: മന്ത്രി എം.ബി രാജേഷ്
വൈസ് ചെയര്‍മാന്‍: ഇ കൃഷ്ണദാസ് (വൈസ് പ്രസിഡന്റ്, പാലക്കാട് നഗരസഭ), എ ഷാബിറ (വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പാലക്കാട് ജില്ലാ പഞ്ചായത്ത്)
ജനറല്‍ കണ്‍വീനര്‍: സന്തോഷ് (പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍).
വിദ്യാര്‍ഥികള്‍ക്ക് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തിളങ്ങുന്നതിനുള്ള ഊര്‍ജ്ജം മേളകള്‍ സമ്മാനിക്കുന്നു : മന്ത്രി വി ശിവന്‍കുട്ടി
വിദ്യാര്‍ഥികള്‍ക്ക് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തിളങ്ങുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്നതും ശാസ്ത്രമേളകള്‍ പോലുള്ളവയാണെന്നും കുട്ടികളില്‍ ശാസ്ത്ര ബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിന് ഈ മേളകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും യോഗത്തിന്റെ അധ്യക്ഷ പ്രസംഗത്തില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഓരോ വര്‍ഷവും പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ സാഹചര്യം ഒരുക്കുന്ന ഈ മേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രമേളകളില്‍ ഒന്നാണ്. വിദ്യാര്‍ഥികളുടെ ചിന്താശേഷിയും ഗവേഷണ താല്‍പര്യങ്ങളും ഉണര്‍ത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. കേവലം മത്സരങ്ങള്‍ക്കപ്പുറം പഠനാനുഭവം കൂടിയാണ് ശാസ്ത്രമേളകള്‍ എന്നും മന്ത്രി സൂചിപ്പിച്ചു. മേള വീക്ഷിക്കുന്നതിനായി പല കമ്പനികളും താല്പര്യമറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട മുഴുവന്‍ കമ്പനികളെയും മേളയിലേക്ക് ക്ഷണിക്കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളില്‍ അന്വേഷണ കൗതുകം വളര്‍ത്തിയെടുക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
വിദ്യാര്‍ഥികളില്‍ അന്വേഷണത്തിനായുള്ള കൗതുകം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യാതിഥിയായി യോഗത്തില്‍ പങ്കെടുത്ത വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വിദ്യാഭ്യാസത്തിന്റെ രീതിയും സമ്പ്രദായവും മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളുടെ ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എം.എല്‍.എമാരായ പി.പി സുമോദ്, മുഹമ്മദ് മുഹ്‌സിന്‍, കെ.ബാബു, കെ ശാന്തകുമാരി, കെ മമ്മിക്കുട്ടി,, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷാബിറ, ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ് ചിത്ര, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി എം സലീനബീവി എന്നിവര്‍ സംസാരിച്ചു. മറ്റു വകുപ്പ് മേധാവികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടന പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments