പാലിന്റെ ഗുണനിലവാരത്തെ കുറിച്ച് ബോധവാന്മാരാകണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ
പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാരത്തെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാകേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അത്യന്താപേക്ഷികമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റേത്തുകര ക്ഷീരസംഘത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉപഭോക്ത്യ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലും പാലുൽപന്നങ്ങളും മലയാളികളുടെ ദിനചര്യയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പാലിന്റെ ഗുണമേന്മ ഉറപ്പാക്കാനും മായം ചേർക്കൽ തടയാനും പൊതുജന ബോധവൽക്കരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിപണിയിൽ ലഭ്യമാകുന്ന പാലിൻ്റെ ഗുണമേന്മ പാലിൻ്റെ സമ്പുഷ്‌ടത, മായം ചേർക്കൽ നിരോധന നിയമം എന്നിവയെകുറിച്ച് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായാണ് ക്ഷീരവികസന വകുപ്പ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എൽസി ജോർജ്ജ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടെക്‌നിക്കൽ അസിസ്റ്റന്റ് പാർവ്വതി കൃഷ്ണപ്രസാദ്, ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ സി സുധ , ചിറ്റേത്തുകര ആപ്കോസ് പ്രസിഡന്റ് എം.എൻ. ഗിരി, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം ഷഫീന, വൈറ്റില ക്ഷീരവികസന ഓഫീസർ പി.ആർ. സജീവ് കുമാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പാലിന്റെ ഘടനയും പ്രാധാന്യവും എന്ന വിഷയത്തിൽ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രിയ ജോസഫ്, പാലുൽപ്പന്നങ്ങളും ഉപഭോക്താക്കൾ അറിയേണ്ടതും എന്ന വിഷയത്തിൽ വാഴക്കുളം സീനിയർ ക്ഷീരവികസന ഓഫീസർ അനു മുരളി എന്നിവർ സെമിനാറുകൾ നയിച്ചു. ജില്ലാ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോളർ ആർ. മനോജ് പാലിന്റെ പരിശോധന രീതികൾ പ്രദർശിപ്പിച്ചു.
- Log in to post comments