Skip to main content

കാർഷിക പ്രൗഢിയുടെ നിറവിൽ ഇനി ഏഴു ദിന രാത്രികൾ

കളമശ്ശേരിയുടെ കാർഷിക പൈതൃകവും സാംസ്കാരിക പാരമ്പര്യവും വിളിച്ചോതി മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന് ഉജ്ജ്വലമായ തുടക്കം. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് മുന്നോടിയായി നടന്ന വർണ്ണശബളമായ ഘോഷയാത്ര കാർഷികോത്സവത്തിന് മാറ്റുകൂട്ടി. കളമശ്ശേരി നഗരസഭയിൽ നിന്ന് ആരംഭിച്ച് ഉദ്ഘാടന വേദിയായ ചാക്കോളാസ് പവലിയൻ വരെ നീണ്ട ഘോഷയാത്രയിൽ ആയിരക്കണക്കിന് ആളുകൾ അണിചേർന്നു.

 

സിനിമാതാരങ്ങളായ ഫഹദ് ഫാസിൽ, സലിംകുമാർ, സൗബിൻ, സുരാജ് , കുതിരവട്ടം പപ്പു തുടങ്ങിയർ അവതരിപ്പിച്ച മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളുടെ കോമിക് രൂപങ്ങൾ ഘോഷയാത്രക്കൊപ്പം അണിനിരന്നപ്പോൾ കാഴ്ചക്കാർക്ക് കണ്ണിന് കുളിർമയേകുന്ന അനുഭവമായി. ഒപ്പം പുലികളി, തെയ്യം, പഞ്ചവാദ്യം, ശിങ്കാരിമേളം തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. വൈവിധ്യമാർന്ന ഈ കലാരൂപങ്ങൾ കാർഷികോത്സവത്തിന്റെ ജനകീയ സ്വഭാവം ഉയർത്തിക്കാട്ടി. ഒപ്പം 'കടമ്പൻ മൂത്താനും' ഘോഷയാത്രയിൽ പങ്കെടുത്തത് ജനങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. പരമ്പരാഗത കലാരൂപങ്ങളുടെയും ആധുനിക അവതരണങ്ങളുടെയും ഈ സമന്വയം കാർഷികോത്സവത്തിന്റെ സന്ദേശത്തിന് ആഴം കൂട്ടി.

കാർഷികോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് മണ്ഡലത്തിലെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിച്ച വിഭവങ്ങൾ വിൽപനയ്ക്ക് വെച്ചിട്ടുള്ള 'നാട്ടുചന്ത'. രാസവളങ്ങൾ ചേർക്കാത്ത നാടൻ പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, അരി-ഗോതമ്പ് ഉത്പന്നങ്ങൾ എന്നിവ നേരിട്ട് കർഷകരിൽ നിന്ന് വാങ്ങാൻ പൊതുജനങ്ങൾക്ക് ഇത് അവസരം നൽകുന്നു. നാട്ടുചന്ത കളമശ്ശേരിയിലെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യാനുള്ള ഒരു വലിയ പ്ലാറ്റ്‌ഫോം കൂടിയാണ്. വിഷരഹിതമായ പച്ചക്കറികൾ വരും ദിവസങ്ങളിൽ ഇവിടെനിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. 

 

ഇവ കൂടാതെ, സമീകൃതാഹാരം, ചക്ക, കിഴങ്ങ്, മില്ലറ്റ്, മറ്റ് തനത് വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേളയും കാർഷികോത്സവത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ തനത് രുചികളെ പരിചയപ്പെടുത്തുന്ന വിവിധതരം ഭക്ഷണവിഭവങ്ങൾ ഇവിടെ ലഭ്യമാണ്. കളമശ്ശേരിയുടെ രാത്രികൾക്ക് കൂടുതൽ വർണ്ണപകിട്ടേകാൻ കാർഷികോത്സവത്തിൽ സംഗീത നിശയും നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങൾ വാങ്ങാനും കലാരൂപങ്ങൾ ആസ്വദിക്കാനും അങ്ങനെ മേളയിലെത്തുന്നവർക്ക് പുത്തൻ അനുഭവങ്ങൾ ലഭിക്കുന്ന വിധത്തിലാണ് ഓരോ ദിവസവും ക്രമീകരിച്ചിരിക്കുന്നത്.

date