Skip to main content
ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച കെട്ടിട സമുച്ചയം

ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി ജില്ലയില്‍

 

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ചെയ്യും 

ഫറോക്ക് താലൂക്ക് ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിക്കും

മനുഷ്യ-വന്യജീവി സംഘര്‍ഷം ജനകീയ സദസ്സില്‍ പങ്കെടുക്കും

 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 31-ന് ജില്ലയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം, ഫറോക്ക് താലൂക്ക് ആശുപത്രി പുതിയ കെട്ടിട ഉദ്ഘാടനം എന്നിവ നിര്‍വഹിക്കും. വനം വകുപ്പ് സംഘടിപ്പിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ജനകീയ സദസ്സിലും മുഖ്യമന്ത്രി പങ്കെടുക്കും.

മനുഷ്യ-വന്യജീവി സംഘര്‍ഷം; ജനകീയ സദസ്സ്

പൊതുജന പങ്കാളിത്തത്തോടെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘുകരണത്തിനായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 31-ന് സംഘടിപ്പിക്കുന്ന ജനകീയ സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ ആരംഭിക്കുന്ന സദസ്സില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

തീവ്രയജ്ഞ പരിപാടിയുടെയും മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തനാരംഭം മുഖ്യമന്ത്രി പ്രഖ്യാപിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാകും.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവര്‍, കര്‍ഷക പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിഷയവിദഗ്ദ്ധര്‍, ഗോത്രവിഭാഗ പ്രതിനിധികള്‍ മുതലായവരെ പങ്കെടുപ്പിച്ച് ഇന്ന് (ഓഗസ്റ്റ് 27) തിരുവനന്തപുരത്ത് നടത്തുന്ന ഏകദിന ശില്‍പശാലയുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെ ഫറോക്ക് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം ഓഗസ്റ്റ് 31ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. 1.70 ഏക്കര്‍ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 23.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 

47, 806 ചതുരശ്ര അടി വിസ്തൃതിയില്‍ വിവിധ സ്‌പെഷ്യാലിറ്റികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ലാബുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആശുപത്രിയില്‍ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും. ഓക്സിജന്‍ പ്ലാന്റ്, ട്രോമാ കെയര്‍ യൂണിറ്റ്, അത്യാഹിത വിഭാഗം തുടങ്ങിയ സൗകര്യങ്ങളും പുതിയ ആശുപത്രിയുടെ ഭാഗമായുണ്ട്.

പൊതുമേഖല സ്ഥാപനമായ വാപ്‌കോസിനായിരുന്നു നിര്‍മാണ ചുമതല. ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍, ബേപ്പൂര്‍ മേഖല, കടലുണ്ടി, മലപ്പുറം ജില്ലയിലെ വാഴയൂര്‍, ചേലേമ്പ്ര, ചെറുകാവ്, വള്ളിക്കുന്ന് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗികള്‍ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കുവേണ്ടി എത്താറുണ്ട്.

നിലവില്‍ ആശുപത്രിയില്‍ ഒപി, ഐപി സേവനം, ഫാര്‍മസി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍, പൊതുജന ആരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിത ശൈലിരോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, നേത്രപരിശോധന, സ്‌കൂള്‍ ആരോഗ്യ പദ്ധതി, മാനസികാരോഗ്യ പദ്ധതി, കേള്‍വി പരിശോധന, സ്‌പെഷ്യാലിറ്റി വിഭാഗം, മെഡിസിന്‍, ജനറല്‍ വിഭാഗം, പീഡിയാട്രിക് ഒപി, ഡയാലിസിസ്, ദന്ത വിഭാഗം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവന്‍ എംപി, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡി.ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രാ ഗഡെ, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും.

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പട്ടികജാതി പട്ടിക വര്‍ഗ വികസനം വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, പ്രിയങ്ക ഗാന്ധി എംപി, ലിന്റോ ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.

പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ സംയുക്ത കരാറിലാണ് നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായുള്ള റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാറെടുത്തത്. 2,134 കോടി രൂപയാണ് പദ്ധതി ചെലവ്.

date