തൃപ്പൂണിത്തുറയിൽ ഹരിത സന്ദേശം പകർന്ന് വാക്കത്തോൺ സംഘടിപ്പിച്ചു
അത്തച്ചമയാഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭയും കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയും ചേർന്ന് ഹരിത സന്ദേശവുമായി “ഗോ ഗ്രീൻ" എന്ന പേരിൽ വാക്കത്തോൺ സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
അത്തം ഘോഷയാത്ര സമാപിച്ചപ്പോൾ വാക്കത്തോൺ ആരംഭിച്ചു. റോഡിൽ ശേഷിച്ച പ്ലാസ്റ്റിക് പേപ്പർ ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ വാക്കത്തോണിന്റെ ഭാഗമായി തരംതിരിച്ച് ശേഖരിച്ചു.
കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ ഐഇസി പ്ലാനിന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കിയ ആദ്യ പരിപാടിയാണ് വാക്കത്തോൺ 2025. പരിസ്ഥിതി സംരക്ഷണത്തിന്റേയും മാലിന്യ നിയന്ത്രണത്തിന്റേയും ആവശ്യകതയെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.
നഗരസഭ വൈസ് ചെയർമാൻ കെ കെ പ്രദീപ് കുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എ ബെന്നി ,നഗരസഭാ സെക്രട്ടറി പി കെ സുഭാഷ് എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, ഹരിതകർമസേനാംഗങ്ങൾ, ഗവൺമെൻറ് ആർട്സ് കോളേജ്, ചിന്മയ കോളേജ് , ഭവൻസ് വിദ്യ മന്ദിർ എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ, സാമൂഹികപ്രവർത്തകർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവരും വാക്കത്തോണിന്റെ ഭാഗമായി.
- Log in to post comments