ജില്ലയിൽ ന്യായവില ഓണച്ചന്തകൾ ഊർജിതമായി
കൺസ്യൂമർ ഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ഓണവിപണികൾ സജീവം.
വടവുകോട് ഫാർമേഴ്സ് കോപ്പറേറ്റീവ് ബാങ്കിൽ നടന്ന ചടങ്ങിൽ കൺസ്യൂമർഫെഡ് ഓണവിപണികളുടെ ജില്ലാതല ഉദ്ഘാടനം പി.വി ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു.
ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ജില്ലയിൽ ത്രിവേണി മുഖേന 14 വിപണികളും സഹകരണ സംഘങ്ങൾമുഖേന 159 വിപണികളുമാണ് നടത്തുന്നത്.
കൺസ്യൂമർ ഫെഡിന്റെ ഓണ വിപണികളിൽ നോൺ സബ്സിഡി ഇനത്തിലുള്ള അവശ്യ നിത്യോപയാഗ സാധനങ്ങൾ പൊതു മാർക്കറ്റിനേക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. പോക്കറ്റ് കാലിയാക്കാതെ ഓണം ആഘോഷിക്കാനുള്ള അവസരമാണ് സാധാരണക്കാർക്ക് ഇതുവഴി ലഭ്യമാകുന്നത്. ഓണവിപണികൾ സെപ്തംബർ നാലിന് സമാപിക്കും.
ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ പി.എം ഇസ്മായിൽ അധ്യക്ഷനായി. സഹകരണവകുപ്പ് ജോയിൻ്റ് രജിസ്ട്രാർ കെ.വി സുധീർ ആദ്യ വില്പന നടത്തി.
വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മുരുകേശന്‍, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ പ്രകാശൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്, കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ അധ്യക്ഷൻ എം.ഐ ബീരാസ്, വടവുകോട് ഫാർമേഴ്സ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് കെ.എൻ ശശിധരൻ, മാനേജിംഗ് ഡയറക്ടർ കെ.എസ് വനജ, വിവിധ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ അനി ബെൻ കുന്നത്ത്, എം.ജി രാമചന്ദ്രൻ, എം.ആർ വിജയകുമാർ, സഹകരണ വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാർ കെ. ഹേമ, അസിസ്റ്റൻറ് ഡയറക്ടർ ഗ്രേസമ്മ ജോൺ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments