വിലക്കയറ്റ നിയന്ത്രണം; 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തി
ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലെ 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്ക്വാഡാണ് പരിശോധന നടത്തിയത്.
ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, പലവ്യഞ്ജന-പച്ചക്കറി വിപണന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തത്, അളവുതൂക്ക ഉപകരണങ്ങളിലെ കൃത്രിമം, ലൈസൻസില്ലായ്മ, പാക്കിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്തത്, ഉപഭോക്താക്കൾക്ക് ബില്ല് നൽകാത്തത്, ഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നോട്ടീസ് നൽകി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും.
ജില്ലാ സപ്ലൈ ഓഫീസർ എസ് ഒ ബിന്ദു, ലീഗൽ മെട്രോളജി അസ്സിസ്റ്റൻ്റ് കൺട്രോളർ എം വി അജിത്‌കുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ രാജീവ് സൈമൺ, സീനിയർ സൂപ്രണ്ട് പി എ റിയാസ്, കൊച്ചി അസിസ്റ്റൻറ് താലൂക്ക് സപ്ലൈ ഓഫീസർ ക്രിസ്റ്റിന വർക്കി, സിവിൽ പോലീസ് ഓഫീസർമാരായ പി എം നൗഷാദ്, രാജേഷ് തങ്കമണി, പൊതുവിതരണ വകുപ്പ് ജീവനക്കാരൻ കെ രാധേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
- Log in to post comments